കോഴിക്കോട്:
വടകര ചോറോട് കാറിടിച്ച് ഒമ്പതു വയസ്സുകാരി ദൃഷാന ഒരുവർഷത്തിലേറെയായി കോമയിലാവുകയും മുത്തശ്ശി മരിക്കുകയുംചെയ്ത കേസിൽ കാറോടിച്ച പ്രതി പിടിയിൽ.
പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെയാണ് (35) കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്. അപകടശേഷം ഇൻഷുറൻസ് തുകയും തട്ടി വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
ഡിസംബറിൽ ഇയാളുടെ മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രതി വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റെന്നാണ് വിവരം.
വാഹനമിടിച്ച്, തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം താമസിക്കുന്ന 62കാരിയായ പുത്തലത്ത് ബേബി മരിക്കുകയും പേരക്കുട്ടി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു. ഒമ്പത് മാസത്തിന് ശേഷമാണ് ഷെജീലിന്റെ കാറാണ് ഇരുവരെയും ഇടിച്ചിട്ട് നിർത്താതെ പോയതെന്ന് കണ്ടെത്താനായത്.
2024 ഫെബ്രുവരി 17നാണ് വടകരക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ രാത്രി ഒമ്പതുമണിയോടെ അപകടമുണ്ടായത്. പുത്തലത്ത് ബേബി മരിക്കുകയും കൂടെയുണ്ടായിരുന്ന പേരക്കുട്ടി ദൃഷാനക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ ഷെജീൽ കാർ നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. ഷെജീൽ ഭാര്യക്കും മക്കൾക്കുമൊപ്പം വടകരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദേശീയ പാതയിൽ വെച്ച് ദൃഷാനയെയും ബേബിയെയും ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയത്. പിൻസീറ്റിലിരുന്ന മക്കൾ മുൻ സീറ്റിലിരിക്കാൻ വാശിപിടിച്ചതോടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്.
സംഭവത്തിൽ കേസിന്റെ ചുരുളഴിഞ്ഞത് പ്രതി ഇൻഷുറൻസ് ക്ലെയിം ചെയ്തതിലൂടെയാണ്. ഷെജീലിന്റെ മാരുതി സ്വിഫ്റ്റ് കാറിന്റെ മുൻഭാഗം ഇടിയുടെ ആഘാതത്തിൽ തകർന്നിരുന്നു. പുറമേരി വെള്ളൂർ റോഡിലെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് കയറ്റിയ കാർ മതിലിലിടിച്ച് തകർന്നതാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് വ്യാജ വിവരം നൽകി നഷ്ടപരിഹാരം വാങ്ങുകയായിരുന്നു.
അഞ്ഞൂറിലധികം കാർ വർക് ഷോപ്പുകളിൽ കയറിയിറങ്ങിയ അന്വേഷണസംഘം 19,000 വാഹനങ്ങളും അരലക്ഷത്തോളം ഫോൺ കോളുകളും കേസിൽ പരിശോധിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട്
ജില്ലകളിലെ വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് വെള്ളൂരിലെ വർക്ക് ഷോപ്പിൽനിന്ന് അറ്റകുറ്റപ്പണി നടത്തിയ കാറിന് നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 30,000 രൂപ അനുവദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ കാറാണ് ദൃഷാനയെയും ബേബിയെയും ഇടിച്ച് തെറിപ്പിച്ചതെന്ന് കണ്ടെത്തിയത്.
0 Comments