ദമ്മാം: മനസ്സാക്ഷിയെ നടുക്കിയ തിരുവന്തപുരം വെഞ്ഞാറ മൂട്ടിൽ കൂട്ടക്കൊല നടത്തിയ 23കാരൻ അഫാന്‍റെ പിതാവ് അബ്ദു റഹീം ദമ്മാമിൽ ആകെ മരവിച്ച അവസ്ഥയിലാണ്. കാൽ നൂറ്റാണ്ടിലേറെയായി പ്രവാസം നൽകിയ ദുരിതക്കയങ്ങളിൽനിന്ന് രക്ഷപെടാനുള്ള ആയാസങ്ങൾക്കിടയിലേക്കാണ് സർവതും തകർന്നുപോയ വാർത്ത നാട്ടിൽനിന്ന് ഇദ്ദേഹത്തെ തേടിയെത്തിയത്. ‘‘ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല...’’ -അബ്ദു റഹീമിന്‍റെ വാക്കുകൾ വിതുമ്പി.
വെഞ്ഞാറമൂട് സൽമാസ് അബ്ദു റഹീം 25 വർഷമായി റിയാദിലായിരുന്നു. ഒന്നര മാസം മുമ്പാണ് ദമ്മാമിലേക്ക് വന്നത്. റിയാദ് ഷിഫയിലെ മഅ്റളിനടുത്ത് വാഹനങ്ങളുടെ പാർട്സുകൾ വിൽക്കുന്ന കട നടത്തിവരികയായിരുന്നു. കട നടത്തിയതിനെത്തുടർന്നുണ്ടായ ബാധ്യതകളിൽനിന്ന് രക്ഷപെടാൻ ഒന്നരമാസം മുമ്പ് ദമ്മാമിലേക്ക് എത്തി പുതിയ ജോലിയിൽ ചേർന്നതാണ്. സാമ്പത്തിക ബാധ്യതകളും ഇഖാമ പുതുക്കാത്തതും സ്പോൺസറുമായുള്ള തർക്കങ്ങളും ഒക്കെയായി റഹീമിന്റെ പ്രവാസവും ആകെ ദുരിതമയമാണ്.
തന്റെ കീഴിൽ നിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് സ്പോൺസർ ജവാസത്തിന് പരാതി നൽകിയതിനാൽ ‘ഹുറൂബ്’ എന്ന നിയമക്കുരുക്കിലുമായി.
ഇതോടെ നാട്ടിൽ പോകാനുള്ള വാതിലുകളുമടഞ്ഞു. ഏഴ് വർഷമായി നാട് കണ്ടിട്ട്. ഇതിനിടയിൽ ഭാര്യയേയും മക്കളേയും വിസിറ്റ് വിസയിൽ കൊണ്ട് വന്ന് റിയാദിൽ ആറ് മാസം ഒപ്പം നിർത്തിയിരുന്നു. എല്ലാ വിഷമ വൃത്തങ്ങളിൽ നിന്നും പുറത്തുകടക്കണം, കടക്കാർ ബുദ്ധിമുട്ടിക്കാത്ത ഒരു ജീവിതം വേണം. വീടുവിറ്റ് കടങ്ങൾ തീർക്കുന്നതുൾപടെയുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് വിധി ജീവിതം അപ്പാടെ തകർത്തെറിഞ്ഞത്.
അബ്ദു റഹീം പറയുന്നത്:
‘‘എന്തിനാണ് മകൻ ഈ ക്രൂരകൃത്യം ചെയ്തതെന്ന് എനിക്ക് ഒരുത്തരവും പറയാനാകുന്നില്ല. അവന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യത ഉള്ളതരായി അറിയില്ല. വീടു വിറ്റ് ഞങ്ങളുടെ കടങ്ങൾ തീർക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അവൻ എല്ലാ പിന്തുണയും നൽകിയിരുന്നു. ഒരു പെൺകുട്ടിയുമായി അവൻ പ്രണയത്തിലാണന്നും അവർ ബൈക്കിൽ ഒപ്പം സഞ്ചരിക്കാറുണ്ടെന്നും പലരും എന്നെ അറിയിച്ചിരുന്നു. എന്നാൽ അതൊക്കെ ഇന്നത്തെ കൗമാരക്കാരുടെ രീതികളല്ലേ എന്ന രീതിയിലാണ് ഞാൻ മറുപടി നൽകിയത്.’’
‘‘ഈ പെൺകുട്ടിയിൽനിന്ന് അവൻ വാങ്ങിയിരുന്ന കടത്തിലെ പകുതിയോളം ഞാൻ ഇവിടുന്ന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എെൻറ ഉമ്മയുമായും, സഹോദരനുമായൊക്കെ അവൻ നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. ഉമ്മുമ്മയുടെ അടുത്ത് അവൻ മിക്കപ്പോഴും പോകും. അപ്പോഴൊക്കെ ഉമ്മ അവന് കാശൊക്കെ കൊടുത്താണ് തിരിച്ചയക്കാറ്. കടക്കാർ വല്ലാതെ ബുദ്ധിമുട്ടിച്ചപ്പോൾ ഒന്ന്
മാറിനിൽക്കാനാണ് ദമ്മാമിലെത്തിയത്. എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാനുള്ള വഴികൾ ശരിയാക്കി വരുകയായിരുന്നു. ഭാര്യയും, മകനുമൊക്കെ അത് സമ്മതിക്കുകയും കടങ്ങൾ തീർത്ത് നല്ലൊരു ജീവിതം നയിക്കണമെന്ന എെൻറ ആഗ്രഹത്തിന് പിന്തുണ തരികയും ചെയ്തിരുന്നു.’’
‘‘കഴിഞ്ഞ ദിവസം ഭാര്യയുമായി സംസാരിച്ചിരുന്നു. മക്കളുടെ വിശേഷങ്ങൾ തിരക്കിയരുന്നു. ചില കാര്യങ്ങളിൽ വാശി പിടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഓ അവന് ഭ്രാന്താ’ എന്ന് ഒഴുക്കൻ മട്ടിൽ ഭാര്യ പറഞ്ഞിരുന്നു. എന്നാൽ മകന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി ഞങ്ങൾക്ക് ആർക്കുമറിയില്ല. സംഭവമറിഞ്ഞ് ഞാൻ അടുത്ത ബന്ധുക്കളോക്കെ തിരക്കി. അവർക്കാർക്കും ഒന്നുമറിയില്ല. എനിക്കൊന്ന് നാട്ടിലെത്താൻ കഴിഞ്ഞിരുന്നെങ്കിൽ... സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിനെ സമീപിച്ചിരുന്നു. അധികൃതർ കനിയാതെ മറ്റെന്ത് വഴി...’’ -എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണിപ്പോഴും റഹീം.
കടപ്പാട് 'മാധ്യമം
0 Comments