തൃശൂർ:
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ റാഗിങ് ഉൾപ്പടെ മനുഷ്യവിരുദ്ധപ്രവൃത്തികൾ ചെയ്‌താൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ആർ ബിന്ദു.
കോളേജുകളിൽ റാഗിങ് വിരുദ്ധ സെല്ലുകൾ പ്രവൃത്തിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ സാമൂഹ്യജാഗ്രതയും ആവശ്യമാണ്.
തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കോളേജുകളിൽ ആന്റി റാഗിങ് സെല്ലുകൾ നിർബന്ധമായും നിയമപരമായും വേണം. ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളിൽ അടുത്തിടെ റാഗിങ് നടന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ കരുണയും അനുകമ്പയും വേണ്ടവരാണ്.
അതിന് വിപരീതമാണ് സംഭവിച്ചത്. വിദ്യാർഥികൾക്കിടയിൽ ആന്തരീക സംഘർഷം വർധിക്കുന്ന കാലമാണ്. പരസ്‌പരം ഇടപഴകാനുള്ള സാഹചര്യം കുറവാണ്.
കുടുംബങ്ങളിൽ വൈകാരിക സുരക്ഷാ കവചമുണ്ടായിരുന്നു. ഇപ്പോൾ തുറന്ന സംസാരമില്ല.
എല്ലാവർക്കും തിരക്കാണ്. മക്കളെ ശ്രദ്ധിക്കാൻ രക്ഷിതാക്കൾക്ക് സമയമില്ല. ലഹരിമാഫിയാ പ്രവർത്തനവും ഭീഷണിയായി മാറി.
വൈകാരിക അവസ്ഥയിലൂടെ കടന്നുപോവുന്ന വിദ്യാർഥികളെ കണ്ടെത്തി തിരുത്താൻ മുതിർന്നവർക്കാകണം. കലാലയങ്ങളിൽ റാഗിങ്ങിനെതിരെ പ്രചാരണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുസർവകലാശാലകളെ ദുർബലപ്പെടുത്തി വിദേശ സർവകലാശാലകളെ ഉൾപ്പടെ ആനയിക്കുക എന്നതായിരുന്നു നേരത്തെയുള്ള നിലപാട്.
എൽഡിഎഫ്
സർക്കാർ നാലുവർഷമായി പൊതുസർവകലാശാലകളെ ഫലപ്രദമായി ശാക്തീകരിച്ചു. നാലുവർഷത്തിനകം 6000 കോടി ഈ മേഖലയിൽ ചെലവഴിച്ചു. കോളേജുകളിൽ ഹൈടെക് സൗകര്യങ്ങൾ ഒരുക്കി. സംസ്ഥാനത്തെ സർവകലാശാലകളും കോളേജുകളും ദേശീയ റാങ്കിങ്ങിൽ മികച്ച നിലവാരം പുലർത്തി.
ഉന്നത വിദ്യഭ്യാസ മേഖലയിൽ ആവശ്യകത വർധിച്ച സാഹചര്യത്തിലാണ് സ്വകാര്യ സർവകലാശാല പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്. സാമൂഹ്യ നിയന്ത്രണത്തോടെയായിരിക്കും സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.
0 Comments