Ticker

6/recent/ticker-posts

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മാറ്റങ്ങള്‍ വരുത്തി, ഓരോ സ്കൂളിലും റാഗിങ്ങ് വിരുദ്ധ സെൽ നടപ്പാക്കും ; മന്ത്രി വി ശിവൻകുട്ടി



പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി. കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ പദ്ധതികള്‍, കൈറ്റ് നടപ്പിലാക്കിയ ഡിജിറ്റയ്സേഷന്‍ സംരംഭങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍ തുടങ്ങിയവ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും, അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ആരംഭിക്കുന്ന ഒരു പുതിയ സംരംഭമാണ് സമഗ്ര ഗുണമേന്മാ പദ്ധതി. അക്കാദമിക് മികവും ഗുണനിലവാരവും ഉറപ്പാക്കാന്‍ നടപ്പിലാക്കിയ മറ്റ് പദ്ധതികള്‍ക്ക് പുറമെ, അക്കാദമിക് മികവിനും സമഗ്ര ഗുണനിലവാര പദ്ധതികള്‍ക്കുമായി മാത്രമായി മുപ്പത്തിഏഴ് കോടി എണ്‍പത് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് ഓരോ വിദ്യാലയത്തേയും മികവിന്‍റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും വേണം.കഴിഞ്ഞ കാലങ്ങളില്‍ നാം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളുടെ ഫലമാണ് ഇന്ന് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കാണുന്നത്.പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന അതിപ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുത്തതിന്‍റെ ഭാഗമായാണ് രണ്ടായിരത്തി പതിനാറില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആരംഭിച്ചതും സംസ്ഥാനത്തെ ഭൂരിഭാഗം പൊതുവിദ്യാലങ്ങളുടെയും അടിസ്ഥാന ഭൗതിക സാഹചര്യം മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നതും.ഈ ഭൗതിക സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി
അക്കാദമിക ഗുണമേന്മ വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.പാഠ്യപദ്ധതിയുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ഒക്കെ ഇതിന്റെ ഭാഗമായി ആണ് പുരോഗമിക്കുന്നത്. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ശില്പശാലയും ഫെബ്രുവരി 18 ന് രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഇതിന്റെ തുടർച്ചയായി ജില്ലാതലങ്ങളിലും പഞ്ചായത്ത്‌ തലങ്ങളിലും സ്കൂൾ തലങ്ങളിലും ശില്പശാലകളും ചർച്ചകളും സംഘടിപ്പിക്കും.സമൂഹത്തിന്റെ എല്ലാവിഭാഗങ്ങളുടെയും പ്രതിനിധികൾ ശില്പശാലകളിൽ പങ്കെടുക്കും.

സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എങ്കിലും സമൂഹ നന്മയ്ക്ക് നിരക്കാത്ത റാഗിങ്ങ് പോലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട്. ഇത് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് ഒപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും അടിസ്ഥാന തല ഇടപെടലും നടത്തേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളിൽ അച്ചടക്ക സമിതികൾ നിലവിലുണ്ട്. സ്കൂൾ കൗൺസലിങ് പദ്ധതിയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പും നിലവിലുണ്ട്.എന്നാൽ റാഗിങ്ങ് പോലുള്ള സംഭവങ്ങളെ പൂർണമായി ഇല്ലാതാക്കാൻ ഇനിയും ആയിട്ടില്ല.അതുകൊണ്ട് ഒരോ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ്ങ് വിരുദ്ധ സെല്ലുകൾ കൂടി കൊണ്ടുവരുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുകയാണ്. ഇതിന്റെ ഘടന, പ്രവർത്തനം എന്നത്‌ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സമിതിയെ നിയോഗിക്കുന്ന കാര്യവും പരിഗണനയിൽ ആണ്. സ്കൂൾ തലത്തിൽ മാത്രമല്ല മുതിർന്ന ക്ളാസുകളിലും കോളേജിലുമൊക്കെ ചെല്ലുമ്പോൾ വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട സമീപനം ചെറുപ്പത്തിൽ തന്നെ സ്വായത്തമാക്കാൻ റാഗിങ്ങ്
വിരുദ്ധ സെല്ലിന്റെ പ്രവർത്തനത്തിലൂടെ കഴിയണം എന്നും മന്ത്രി പറഞ്ഞു. അധ്യാപക വിദ്യാർത്ഥി ബന്ധം ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും. കുട്ടികൾക്ക് അവർ അനുഭവിക്കുന്ന വിഷമതകൾ അധ്യാപകരോട് പറയാൻ ആകണം.അത് സഹനുഭൂതിയോടെ കേൾക്കാനും അതിന് അനുസരിച്ച് കൂട്ടായി പ്രവർത്തിക്കാനും അധ്യാപകർക്കും ആകണം എന്നും മന്ത്രി വ്യക്തമാക്കി.

ഇരുപത്തിയഞ്ച് – ഇരുപത്തിയാറ് അധ്യയന വര്‍ഷം ഒന്നു മുതല്‍ പത്താം ക്ലാസ്സുവരെ ഒന്നാം വാല്യം പാഠപുസ്തകങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍/എയിഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ (മലയാളം പാഠപുസ്തകങ്ങള്‍) സ്ക്കൂളുകള്‍ കൂടാതെ ലക്ഷദ്വീപ്, മാഹി എന്നീ പ്രദേശത്തെ സ്ക്കൂളുകള്‍ ചേര്‍ന്ന് ഇന്‍ഡന്‍റ് ചെയ്തിരിക്കുന്നത് മൂന്ന് കോടി എണ്‍പത്തിയാറ് ലക്ഷം പാഠപുസ്തകങ്ങളാണ്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് എന്നീ ക്ലാസ്സുകളിൽ രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറ് അധ്യയന വര്‍ഷം പരിഷ്ക്കരിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്.ഡിസംബര്‍ രണ്ടാം വാരം മുതല്‍ പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചിട്ടുണ്ട്. നാളിതുവരെ എണ്‍പത്തിയെട്ട് ലക്ഷത്തി എണ്‍പത്തിരണ്ടായിരം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇരുപത്തിയാറ് ലക്ഷത്തി നാല്‍പത്തി മൂവായിരം പാഠപുസ്തകങ്ങള്‍ സംസ്ഥാനത്തെ വിവിധ ജില്ലാ ഹബ്ബുകളില്‍ ഇതിനകം എത്തിച്ചുകഴിഞ്ഞു.പുതുക്കിയ പാഠപുസ്തകങ്ങൾ അടക്കം ജൂണിൽ ക്ലാസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .

Post a Comment

0 Comments