Ticker

6/recent/ticker-posts

മുക്കം സഹകരണ ബാങ്ക് ഡയറക്ടറായിരുന്ന ഒ.കെ. ബൈജു അധികമായി കൈപ്പറ്റിയ 7,80,027 രൂപ തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്.


തിരുവനന്തപുരം:
മുക്കം സഹകരണ ബാങ്കിൽ 2008-23 കാലയളവിൽ ഡയറക്ടറായിരുന്ന ഒ.കെ. ബൈജു അധികമായി കൈപ്പറ്റിയ 7,80,027 രൂപ തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്. ഭരണ സമിതി തീരുമാനത്തിനും ബാങ്ക് നിയമാവലിക്കും വിരുദ്ധമായി ലീഗൽ ഫീസിനത്തിൽ 4,89,000 രൂപയും, വാഴ കൃഷി ഇനത്തിൽ 1,04,039 രൂപയും സ്വന്തം പേരിലുള്ള അക്കൗണ്ടിൽ അധികമായി കൈപ്പറ്റിയെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ തുക തിരിച്ചു പിടിക്കാൻ ശിപാർശ ചെയ്തു.

2008-18 കാലയളവിൽ മുക്കം സർവീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് സഹകരണ വിജിലൻസ് വിഭാഗമാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. 2008-ൽ സർക്കാർ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതിയിൽ ബിസിനസ് ആവശ്യത്തിന് വായ്പ്പയെടുത്ത ആയിഷ, വാസു, ഉസ്മാൻ, ഭാസ്ക്കരൻ എന്നിവരുടെ വായ്പ്പകൾ കാർഷിക വായ്പ്‌പകളായി മാറ്റി അനധികൃതമായി 1,86,988 രൂപ ഇളവ് നൽകി. ഇതിലൂടെ സർക്കാരിനു നഷ്ടമുണ്ടാക്കിയതിനാൽ ഈ തുകയും തിരിച്ചു പിടിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു.

ബാങ്ക് അഗ്രി.മാർക്കറ്റിംഗ്-കം-ഓഫീസ് ബിൽഡിംഗിന്റെ 2008-2015 കാലയളവിലെ കെട്ടിട നിർമാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് ബാങ്കിന്റെ പൊതുഫണ്ടിൽ നിന്നും 36,00,000 ചെലവഴിക്കുന്നതിനുള്ള കോഴിക്കോട് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് മറികടന്ന് 4,28,20,936 രൂപ ചെലവഴിച്ചു. സ്ട്രക്‌ചർ വർക്ക്, എ.സി.ഷീറ്റ് റൂഫിംഗ് എന്നീ വർക്കുകൾ ടെണ്ടർ മാനദണ്ഡങ്ങൾ മറികടന്ന് കെ.പി പ്രഭാകരൻ എന്ന കോൺട്രാക്ടർക്ക് എഗ്രിമെന്റിനു വിരുദ്ധമായി 23,60,369 രൂപ അധികമായി നൽകി.

ഇന്റീരിയർ ഡക്കറേഷന് ടെണ്ടർ മാനദണ്ഡങ്ങൾ മറികടന്ന് കൂടുതൽ തുക ക്വാട്ട് ചെയ്ത അമാനുള്ള ബിൽഡേഴ്സ് എന്ന ഏജൻസിക്ക് 22.67,000 രൂപ എഗ്രിമെന്റ് തുകക്ക് വിരുദ്ധമായി 56,71,319 രൂപ അധികമായി നൽകി. ബിൽഡിംഗിന്റെ സെക്കന്റ് ഫ്ലോറിൽ ഇന്റീരിയർ ചെയ്യുന്നതിനായി 12,37,025 രൂപക്ക് ഷിബു എന്നയാൾക്ക് വർക്ക് നൽകി എഗ്രിമെന്റോ ഭരണ സമിതിയുടെ അനുമതിയോ ഇല്ലാതെ എക്സ്‌ടാ വർക്കുകൾ നടത്തി എഗ്രിമെന്റിൽ പറഞ്ഞ 12,37,025 രൂപക്ക് പകരം 12,72,925- രൂപയും അധികമായി നല്കി. ഇതെല്ലാം ബാങ്കിന് നഷ്ടമുണ്ടാക്കി.

2008-2018 കാലയളവിലെ ഭരണസമിതി അംഗങ്ങളായ സുരേഷ് ബാബു, എം.കെ മുസ്തഫ, വി. അബ്ദുള്ള, പി.കെ. അബ്ദുൽ ജബ്ബാർ, ബി.പി. റഷീദ്, ബൈജു, ഇ.കെ. റുബീന, പി.കെ. കമറുദീൻ, എം.കെ. യാസർ, എ.എം അബ്ദുള്ള, നിഷാബ് മുല്ലോളി, പി.വി. അബ്ദുൽ സലാം, കെ. സമീറ, ജാക്വലിൻ ജിൽസ്, വി. അറുമുഖൻ, സലീന ഹമീദ്, പി. ദിനേശൻ, പി. ലതീഷ്, സെക്രട്ടറിമാരായിരുന്ന പി.വി. പങ്കജാക്ഷൻ, പി.ടി ഹുസ്സൻ എന്നിവർ മാനദണ്ഡങ്ങൾ മറികടന്നു പൊതുഫണ്ട് ദുരുപയോഗം ചെയ്ത‌തായി വ്യക്തമായതിനാൽ ഇവർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുവാൻ ശുപാർശ ചെയ്തു. എൻ. അപ്പുക്കുട്ടൻ മരണപ്പെട്ടതിനാൽ അദ്ദേഹത്തിനെതിരെനടപടി ശുപാർശ ചെയ്തിട്ടില്ല.

2010-12 കാലയളവിൽ ബാങ്കിലെ സെക്രട്ടറിയായ പി.ടി.ഹുസ്സൻ ഭാര്യക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നിയമവിരുദ്ധമായി സ്വത്തു പണയ ലോണുകൾ അനുവദിച്ച് സെക്രട്ടറിയും ഭരണസമിതിയും കൂടി ബാങ്കിന്റെ 70 ലക്ഷം രൂപയുടെ പൊതുപണം ദുരുപയോഗം ചെയ്തെന്ന് പരിശോധനയിൽ കണ്ടെത്തി. അതിന് ഉത്തരവാദികളായ 2010 ജൂലൈ മുതൽ 2012 ജൂലൈ 28 വരെയുള്ള കാലയളവിലെ ഭരണസമിതി അംഗങ്ങളായ സുരേഷ് ബാബു, എം.കെ.മുസ്തഫ, വി. അബ്ദുള്ള, ഒ.കെ ബൈജു, എ .എം. അബ്ദുള്ള, പി.വി. അബ്ദുൽ സലാം, സലീന ഹമീദ്, പി. ദിനേശൻ, പി. ലതീഷ്, സെക്രട്ടറിയായിരുന്ന പി.ടി. ഹുസ്സൻ എന്നിവർക്കെതിരെയും വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുവാൻ ശുപാർശ ചെയ്തു.

അന്വേഷണ റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിക്കുകയാണെന്ന് ലിന്റോ ജോസഫിന്റെ ചോദ്യത്തിന് നിയമസഭയിൽ മന്ത്രി വി.എൻ. വാസവൻ രേഖാമൂലം മറുപടി നൽകി.

2016 ഒക്ടോബർ അഞ്ചിന് മുക്കം സർവീസ് സഹകരണ ബാങ്കിൽ ഫാർമസിസ്റ്റ്, ഫാർമസി ഹെൽപർ, ഡ്രൈവർ തസ്തികകളിലേക്ക് നടന്ന എഴുത്ത് പരീക്ഷയുടെ ഉത്തരകടലസുകൾ മൂല്യ നിർണയത്തിന് ശേഷം പരാതി ഉണ്ടായിട്ടും ബാങ്കിനെ ഏൽപ്പിക്കാതെ നശിപ്പിച്ചു. അതിനാൽ പരീക്ഷ ഏജൻസിയായ പ്രകാശ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തെ സഹകരണ വകുപ്പിന്റെ പരീക്ഷ നടത്തിപ്പിൽ നിന്നും മാറ്റി നിർത്തുന്നതിന് ശിപാർശ ചെയ്തു.

Post a Comment

0 Comments