ഓമശ്ശേരി:
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക കന്നു കുട്ടി പരിപാലന പദ്ധതിക്ക് (ഗോ വർദ്ധിനി)ഓമശ്ശേരിയിൽ തുടക്കമായി.പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ തിരഞ്ഞെടുത്ത ക്ഷീര കർഷകർക്ക് സബ്സിഡി നിരക്കിൽ ആദ്യഘട്ട കാലിത്തീറ്റ വിതരണം ചെയ്തു.ജനന രജിസ്റ്ററിൽ പേര് ചേർത്ത നാലു മുതൽ ആറു മാസം വരെ പ്രായമുള്ള കന്നു കുട്ടികൾക്കാണ് പദ്ധതി വഴി ആനുകൂല്യം നൽകുന്നത്.
നാലു മാസം മുതൽ രണ്ട് വയസ്സ് വരെ അമ്പത് ശതമാനം സബ്സിഡി നിരക്കിൽ പ്രോട്ടീൻ റിച്ച് കാലിത്തീറ്റ നിശ്ചിത അളവിൽ കർഷകർക്ക് നൽകുന്ന പദ്ധതിയാണിത്.
ഏകദേശം ഒന്നര വയസ്സിൽ മദി ലക്ഷണം കാണിക്കുകയും രണ്ടര വയസ്സിൽ പാലുൽപാദനം തുടങ്ങുകയും ചെയ്യുന്ന രീതിയിൽ പശുക്കളെ പ്രാപ്തമാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ഒരു കർഷകന് 12,500 രൂപയുടെ ആനുകൂല്യമാണ് പദ്ധതി കാലയളവിൽ ലഭിക്കുക.32 മാസം പ്രായം വരെ പദ്ധതിയിലുൾപ്പെട്ട പശുക്കൾക്ക് ഇൻഷൂറൻസ് പരിരക്ഷയും ഉണ്ടാവും.ഇതു മൂലം ഉരുക്കൾ മരണപ്പെടുകയോ ഗർഭം ധരിക്കാതിരിക്കുകയോ ചെയ്താൽ പ്രായത്തിന് ആനുപാതികമായി നഷ്ടപരിഹാരം ലഭിക്കും.കാലിത്തീറ്റയുടെ വില വർധനവും പാലുൽപ്പാദനത്തിലെ കുറവും നിമിത്തം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ക്ഷീര കർഷകർക്ക് പദ്ധതി ഏറെ ഗുണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.പഞ്ചായത്തിന്റെ മേൽ നോട്ടത്തിൽ ഓമശ്ശേരി ഗവ:വെറ്ററിനറി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ഓമശ്ശേരി ക്ഷീര സംഘം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഓമശ്ശേരി ക്ഷീര സംഘം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഗോ വർദ്ധിനി പദ്ധതി ഉൽഘാടനം ചെയ്തു.ഓമശ്ശേരി ക്ഷീര സംഘം പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ പുത്തൂർ അദ്ധ്യക്ഷത വഹിച്ചു.കുന്ദമംഗലം സർക്കിൾ എസ്.എൽ.ബി.പി.വെറ്ററിനറി സർജൻ ഡോ:പ്രമോദ് പദ്ധതി വിശദീകരിച്ചു.ഓമശ്ശേരി ഗവ:ഡിസ്പെൻസറി വെറ്ററിനറി സർജൻ ഡോ:കെ.വി.ജയശ്രീ സ്വാഗതവും ഓമശ്ശേരി ക്ഷീര സംഘം സെക്രട്ടറി പി.എം.കേശവൻ നമ്പുതിരി നന്ദിയും പറഞ്ഞു.
ഫോട്ടോ:ഓമശ്ശേരിയിൽ ഗോ വർദ്ധിനി കന്നു കുട്ടി പരിപാലന പദ്ധതി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.
0 Comments