കൽപറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വൻ വിജയത്തിലേക്ക്. ലോക്സഭ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷം ഇതിനകം പ്രിയങ്ക മറികടന്നു.
നിലവിലെ കണക്കുകൾ പ്രകാരം പ്രിയങ്കയുടെ ലീഡ് 3,82,975 കടന്നു. 5,78,526 വോട്ടുകളാണ് പ്രിയങ്ക നേടിയത്. തൊട്ടുപിന്നിലുള്ള എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് 1,95,551 വോട്ടുകളും ബി.ജെ.പിയുടെ നവ്യ ഹരിദാസിന് 1,04,947 വോട്ടുകളും ലഭിച്ചു. വോട്ടെണ്ണൽ തുടങ്ങി രണ്ടര മണിക്കൂർ പിന്നിടുമ്പോൾ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രിയങ്കയുടെ കുതിപ്പായിരുന്നു. കഴിഞ്ഞ തവണ 3,64,111 വോട്ടുകൾക്കാണ് രാഹുൽ ജയിച്ചത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാൽ, ഇത് മറികടക്കാനാകില്ല. പ്രിയങ്കക്ക് അഞ്ചു ലക്ഷത്തിന്‍റെ ഭൂരിപക്ഷം നേടികൊടുക്കുമെന്നായിരുന്നു തുടക്കം മുതലെ യു.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ, പോളിങ് ശതമാനത്തിൽ ഇടിവുണ്ടായതാണ് തിരിച്ചടിയായത്.
ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന എൽ.ഡി.എഫ് അവകാശവാദം വെറുതെയായി. രാഹുലിനെ പോലെ സഹോദരി പ്രിയങ്കയെയും വയനാട്ടിലെ വോട്ടർമാർ നെഞ്ചോടു ചേർത്തു എന്നതിന്‍റെ തെളിവാണ് പുറത്തുവരുന്ന ഫലം. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച് വയനാട്ടില്‍ 64.53 ശതമാനമാണ് ഇത്തവണ പോളിങ്. കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു ഇത്.
0 Comments