തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിജയ(66)ന്റെ മൃതദേഹം കണ്ടത്തി.
മലപ്പരിക്കോണം ക്ഷേത്രത്തിന് സമീപത്തെ തോട്ടിലാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 5 കിലോമീറ്റർ അപ്പുറത്താണ് മൃതദേഹം കണ്ടത്. വൈകുന്നേരം ആറുമണിയോടെയാണ് അപകടം. സുരേഷ് എന്ന വ്യക്തിയുടെ ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ തോട്ടിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോ ഡ്രൈവർ സുരേഷ് രക്ഷപ്പെട്ടിരുന്നു. എന്നാൽ വിജയനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തോട്ടിൽ നിന്ന് റോഡിലേക്ക് വെള്ളം കരകവിഞ്ഞ് ഒഴുകിയിരുന്നു. കനത്ത മഴയെ തുടർന്ന് തോട്ടിൽ കുത്തൊഴുക്ക് ആയിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നു വെള്ളം. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
അപകടം നടന്ന സ്ഥലത്ത് നിന്ന് 30 മീറ്റർ താഴെ നിന്നാണ് ഓട്ടോ കണ്ടെത്തിയത്. ഓട്ടോ പൂർണമായി തകർന്നിരുന്നു. പാറയിൽ കുടുങ്ങിനിൽക്കുന്ന നിലയിലായിരുന്നു ഓട്ടോ. അപകടം നടന്ന ഉടൻ ഓട്ടോ ഡ്രൈവർ സുരേഷിനെ രണ്ടു പേർ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി വരെ വിജയനായി തിരച്ചിൽ നടത്തിയിരുന്നു. രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
0 Comments