Ticker

6/recent/ticker-posts

വാട്ടർ അതോറിറ്റിയുടെ അനാസ്ഥ:ഓമശ്ശേരിയിൽ ജന പ്രതിനിധികൾ ജല ജീവൻ മിഷൻ പ്രവൃത്തി തടഞ്ഞു.



ഓമശ്ശേരി:
പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ കുത്തിപ്പൊളിച്ച്‌ റീ സ്റ്റോർ ചെയ്യാതെ അലംഭാവം കാണിക്കുന്ന കേരള വാട്ടർ അതോറിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ച്‌ ഓമശ്ശേരിയിൽ ജല ജീവൻ മിഷൻ പ്രവൃത്തി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തടഞ്ഞു.ഓമശ്ശേരി-കോടഞ്ചേരി പി.ഡബ്ലിയു.ഡി.റോഡിൽ നടക്കുന്ന പ്രവൃത്തിയാണ്‌ ജനപ്രതിനിധികൾ തടഞ്ഞത്‌.പഞ്ചായത്തിലെ ഗ്രാമീണ പാതകളാകമാനം കാൽ നട പോലും ദു:സ്സഹമായ രീതിയിലാണുള്ളതെന്നും നിരവധി തവണ വിവിധ തരത്തിൽ പ്രതിഷേധമറിയിച്ചിട്ടും വാട്ടർ അതോറിറ്റി കടുത്ത അനാസ്ഥയാണ്‌ കാണിക്കുന്നതെന്നും ജനപ്രതിനിധികൾ ആരോപിച്ചു.

പൊട്ടിപ്പൊളിച്ച ഭാഗങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാത്തതിനാൽ ഈ സാമ്പത്തിക വർഷം പഞ്ചായത്ത്‌ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്‌ വകയിരുത്തിയ ഫണ്ടുകൾ പോലും ചെലവഴിക്കാൻ കഴിയാത്ത സങ്കീർണ്ണമായ സാഹചര്യമാണ്‌ നിലവിലുള്ളതെന്നും വാട്ടർ അതോറിറ്റിയുടെ ധിക്കാര സമീപനം വെച്ച്‌പൊറുപ്പിക്കില്ലെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക്‌ നേതൃത്വം നൽകുമെന്നും ജനപ്രതിനിധികൾ പറഞ്ഞു.അധികൃതരുടെ തലതിരിഞ്ഞ സമീപനത്തിൽ പ്രതിഷേധിച്ച്‌ ഒരു മാസം മുമ്പ്‌ വാട്ടർ അതോറിറ്റിയുടേയും കരാർ കമ്പനിയുടേയും ജീവനക്കാരെ പഞ്ചായത്ത്‌ ഓഫീസിൽ ജനപ്രതിനിധികൾ പൂട്ടിയിട്ട്‌ പ്രതിഷേധിച്ചിരുന്നു.

പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,സി.എ.ആയിഷ ടീച്ചർ,മൂസ നെടിയേടത്ത്‌,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ:ഓമശ്ശേരിയിൽ ജന പ്രതിനിധികൾ ജലജീവൻ മിഷൻ പ്രവൃത്തി തടഞ്ഞ്‌ പ്രതിഷേധിക്കുന്നു.

Post a Comment

0 Comments