ഓമശ്ശേരി:
വയനാട്ടിൽ ഉരുൾ പൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവരെ ചേർത്തു പിടിക്കുന്നതിനായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ രൂപവൽക്കരിച്ച ജനകീയ സമിതിയുടെ ഭാരവാഹികൾ വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തധികൃതരുമായി പ്രാഥമിക ചർച്ച നടത്തി.ജനകീയ സമിതി ഫണ്ട് സമാഹരണ യജ്ഞത്തിലൂടെ സ്വരൂപിച്ച തുക ദുരന്ത ബാധിതർക്ക് ഗുണകരമാവുന്ന രീതിയിൽ വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിക്കുന്നതിനാവശ്യമായ തുടർ പ്രവർത്തനങ്ങൾക്ക് ചർച്ചയിൽ രൂപമായി.നടപടിക്രമങ്ങൾ വേഗത്തിലാക്കി ത്വരിത ഗതിയിൽ പ്രവർത്തനം തുടങ്ങാനും സമയബന്ധിതമായി പൂർത്തീകരിക്കാനും കൂടിക്കാഴ്ച്ചയിൽ തീരുമാനിച്ചു.ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ സമിതി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് മേപ്പാടി പഞ്ചായത്തധികൃതർ പറഞ്ഞു.
മേപ്പാടി പഞ്ചായത്ത് ഹാളിൽ നടന്ന കൂടിക്കാഴ്ച്ചയിൽ ഓമശ്ശേരി ജനകീയ സമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡണ്ടുമായ പി.കെ.ഗംഗാധരൻ,ജന.കൺവീനറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി,ജനകീയ സമിതിയുടെ മറ്റു ഭാരവാഹികളായ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,കെ.ആനന്ദ കൃഷ്ണൻ,കോ-ഓർഡിനേറ്റർ പി.എ.ഹുസൈൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ബാബു,വൈസ് പ്രസിഡണ്ട് രാധാ രാമസ്വാമി,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.നാസർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹജമാഡി,പഞ്ചായത്തംഗം സി.കെ.നൂറുദ്ദീൻ,മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.മേപ്പാടി പഞ്ചായത്തിന്റേയും റവന്യൂ അധികാരികളുടേയും പ്രത്യേകാനുമതി വാങ്ങി മുണ്ടക്കൈ,ചൂരൽ മല,അട്ടമല വാർഡുകളിലെ ദുരന്ത ബാധിത പ്രദേശങ്ങൾ ജനകീയ സമിതി ഭാരവാഹികൾ സന്ദർശനവും നടത്തി.
ഫോട്ടോ:മേപ്പാടി പഞ്ചായത്തധികൃതരുമായി ഓമശ്ശേരി പഞ്ചായത്ത് ജനകീയ സമിതി ഭാരവാഹികൾ മേപ്പാടിയിൽ ചർച്ച നടത്തുന്നു.
0 Comments