Ticker

6/recent/ticker-posts

എലിപ്പനിക്കെതിരെ നിതാന്ത ജാഗ്രത: ഓമശ്ശേരിയിൽ ഡോക്സി വാൻ ഡിജിറ്റൽ ബോധവൽക്കരണം ശ്രദ്ദേയമായി.



ഓമശ്ശേരി: എലിപ്പനിക്കെതിരെ നിതാന്ത ജാഗ്രതയുടെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു.ആദ്യ ഘട്ടമായി പഞ്ചായത്തിലെ 19 വാർഡുകളിലും ഡിജിറ്റൽ സംവിധാനത്തിന്റെ സഹായത്തോടെ ഡോക്സി വാൻ ബോധവൽക്കരണം പൂർത്തീകരിച്ചു.എലിപ്പനി രോഗത്തെ കുറിച്ചുള്ള അവബോധവും പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്റെ പ്രാധാന്യവും പൊതു ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനായാണ്‌ ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രത്യേക നിർദ്ദേശ പ്രകാരം ഡോക്സി വാൻ ഡിജിറ്റൽ ബോധവൽക്കരണം സംഘടിപ്പിച്ചത്‌.എലിപ്പനി രോഗം മുമ്പെങ്ങുമില്ലാത്ത വിധം റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്‌ പ്രതിരോധ പ്രവർത്തനങ്ങൾ പൂർവ്വാധികം ശക്തമായി അധികൃതർ സംഘടിപ്പിക്കുന്നത്‌.

തൊഴിലുറപ്പ്‌ തൊഴിലാളികൾ,ക്ഷീര കർഷകർ തുടങ്ങിയ സാദ്ധ്യതാ ഗ്രൂപ്പുകൾക്ക്‌ പ്രത്യേകം ബോധവൽക്കരണം നടത്തും.മണ്ണിലും മലിന ജലത്തിലും ജോലി ചെയ്യുന്നവർ,കന്നുകാലികളേയും മറ്റു വളർത്തു മൃഗങ്ങളേയും പരിപാലിക്കുന്നവർ,തൊഴിലുറപ്പ്‌ ജോലിയിലേർപ്പെടുന്നവർ തുടങ്ങിയവർ പ്രതിരോധ ഗുളിക കഴിക്കണമെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.ഡോക്സി സൈക്ലിൻ ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച്‌ സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്നും പൊതു ജനങ്ങൾ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്നും പഞ്ചായത്തധികൃതർ പറഞ്ഞു.

പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ ബസ്‌ സ്റ്റാന്റിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ബോധവൽക്കരണ കാമ്പയിൻ ഉൽഘാടനം ചെയ്തു.ഡോക്സി സൈക്ലിൻ പ്രതിരോധ ഗുളികയുടെ വിതരണോൽഘാടനം പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഓമശ്ശേരി ക്ഷീര സഹകരണ സംഘം പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ പുത്തൂരിന്‌ ഗുളികകൾ നൽകി നിർവ്വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ സ്വാഗതവും ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷ ഹന,എച്ച്‌.എം.സി.അംഗം പി.വി.സ്വാദിഖ്‌,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ ബാബു,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്‌,ഹെൽത്ത്‌ ഇൻസ്പെക്ടർ ഒ.എം.സുനു,സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി എന്നിവർ സംസാരിച്ചു.ഓമശ്ശേരി വാദിഹുദ ഹൈസ്കൂളിലെ ജെ.ആർ.സി.വിദ്യാർത്ഥികളുടെ ബോധവൽക്കരണ കലാപരിപാടികളും അരങ്ങേറി.

ഫോട്ടോ:എലിപ്പനിക്കെതിരെ ഓമശ്ശേരിയിൽ സംഘടിപ്പിച്ച ഡോക്സി വാൻ ഡിജിറ്റൽ ബോധവൽക്കരണം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്നു.

Post a Comment

0 Comments