തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ഐസിഡിഎസ് തിരുവമ്പാടിയുടെയും സംയുക്താഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു.
രോഗങ്ങൾ തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമുള്ള എളുപ്പവും ഫലപ്രദവുമായ മാർഗമാണ് സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത്. ഇതിനു വേണ്ടി ജനങ്ങളിൽ അവബോധം വളർത്തുന്നതിനാണ് ഗ്ലോബൽ ഹാൻഡ് വാഷിംഗ് ഡേ ആചരിക്കുന്നത്.
തിരുവമ്പാടി മറിയപ്പുറം അംഗനവാടിയിൽ വെച്ച് നടന്ന പഞ്ചായത്ത് തല പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പർവൈസർ ചഷമ ചന്ദ്രൻ അധ്യക്ഷതവഹിച്ചു. 'വൃത്തിയുള്ള കൈകൾ എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു' എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ബോധവൽക്കരണ ക്ലാസ് എടുത്തു. പരിപാടിയുടെ ഭാഗമായി സെൽഫി കോർണർ, പോസ്റ്റർ പ്രദർശനം, കൈ കഴുകലിൻ്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി.
ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ വിദ്യാലയങ്ങളിലും അംഗനവാടികളിലും വിവിധതരത്തിലുള്ള ബോധവൽക്കരണ പരിപാടികളും വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തി. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഐസിഡിഎസ്സ് പ്രവർത്തകർ , ആശ പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പി എച്ച് എൻ ഷില്ലി എൻ വി, കൗൺസിലർ ഷംസിയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ പി പി മുഹമ്മദ് ഷമീർ, കെ ഷാജു, മുഹമ്മദ് മുസ്തഫ ഖാൻ, ശരണ്യ ചന്ദ്രൻ, യു.കെ മനീഷ, അംഗനവാടി ടീച്ചർ ബിന്ദു എന്നിവർ സംസാരിച്ചു.
0 Comments