Ticker

6/recent/ticker-posts

ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ചികിത്സയിലിരിക്കെ മരിച്ചു.




കൽപറ്റ: കൽപറ്റയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൻ മരിച്ചു. അതീവ ​ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്നതിനിടെയാണ് മരണം. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളടക്കമുള്ള ഉറ്റവരെ നഷ്ടപ്പെട്ട ചൂരൽമല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ.


ചൊവ്വാഴ്ച കൽപറ്റക്കടുത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ജെൻസൻ ആശുപത്രിയിൽ വെന്റി​ലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ പ്രാർഥനകളെല്ലാം വിഫലമാക്കിക്കൊണ്ട് രാത്രിയോടെ ജെൻസന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. ജൂലൈ 30ലെ ഉരുൾപൊട്ടലിൽ പിതാവ് ശിവണ്ണൻ, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവർ മരിച്ചിരുന്നു. ഇവരടക്കം കുടുംബത്തിലെ ഒമ്പതുപേരെയാണ് നഷ്ടമായത്. ശ്രുതി കോഴിക്കോട്ടെ ജോലിസ്ഥലത്തായതിനാലാണ് രക്ഷപ്പെട്ടത്. ദുരന്തത്തിന് ഒരുമാസം മുമ്പായിരുന്നു അമ്പലവയൽ ആണ്ടൂർ സ്വദേശിയായ ജെൻസ​ന്റെയും ശ്രുതിയുടെയും വിവാഹനിശ്ചയം നടന്നത്. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലുകാച്ചലും. ദുരന്തത്തിനുശേഷം ജെൻസനായിരുന്നു ശ്രുതിക്ക് ധൈര്യം പകർന്ന് ഒപ്പംനിന്നത്. ഡിസംബറിൽ ഇരുവരുടെയും വിവാഹം നടത്താൻ മറ്റു ബന്ധുക്കൾ തീരുമാനിച്ചിരിക്കെയാണ് വാഹനാപകടം അവളുടെ ജീവിതത്തിൽ വീണ്ടും ഇരുൾ പടർത്തിയത്.


കൽപറ്റക്കടുത്ത വെള്ളാരംകുന്നിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ഇരുവരും സഞ്ചരിച്ച ഒമ്നി വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസന് തലക്ക് ഗുരുതരമായി പരിക്കേറ്റത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലായിരുന്നു ജെൻസൻ.

കോഴിക്കോട്ടുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് വരുകയായിരുന്ന ‘ബട്ടർഫ്ലൈ’ ബസുമായി ജെൻസൻ ഓടിച്ച വാൻ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൽപറ്റ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വാൻ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. നിസ്സാര പരിക്കേറ്റ ​ശ്രുതിയടക്കമുള്ള എട്ടുപേർ കൽപറ്റ സ്വകാര്യ ആശുപ​ത്രിയിൽ ചികിത്സയിലാണ്.
 

Post a Comment

0 Comments