Ticker

6/recent/ticker-posts

ഫ്രഷ്കട്ട് ദുർഗന്ധ വിഷയത്തിൽ സമരസമിതിയുമായി ജില്ലാകളക്ടർ ചർച്ച നടത്തി ; തീരുമാനം ലംഘിക്കപ്പെട്ടാൽ അതിശക്തമായ സമരം തുടരുമെന്ന് സമരസമിതി.



കോഴിക്കോട് :
ഫ്രഷ്കട്ട് വിരുദ്ധ ജനകീയ സമിതി നടത്തുന്ന തുടർസമരങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് 05.09.2024 ന് കളക്ടറുടെ ചേംബറിൽ വച്ച് ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി നേതാക്കളുമായി ചർച്ച നടത്തി.

യോഗത്തിൽ തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ്,കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്,ഓമശേരി പഞ്ചായത്ത് കൂടത്തായി വാർഡ് മെമ്പർ ഷീജ, ജില്ലാ പൊലൂഷൻ കൺട്രോൾ ബോർഡ് , ശുചിത്വമിഷൻ,  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ , കോടഞ്ചേരി ,കട്ടിപ്പാറ, ഓമശ്ശേരി, പഞ്ചായത്ത് സെക്രട്ടറിമാർ , മറ്റ്  ഉദ്യോഗസ്ഥർ ഫ്രഷ് കട്ട് മാനേജ് മെൻ്റ് പ്രതിനിധികൾ  എന്നിവർ പങ്കെടുത്തു.

 പ്ലാൻ്റിൽ നിന്നുയരുന്ന അതിരൂക്ഷമായ ദുർഗന്ധത്തിന് അടിയന്തര പരിഹാരം ഉണ്ടാവണമെന്ന് സമരസമിതി ആവശ്യപ്പെട്ട യോഗത്തിൽ കളക്ടർ ചില മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു . കോഴിക്കോട് ജില്ലയിൽ പുതുതായി മറ്റൊരു  അറവുമാലിന്യപ്ലാൻ്റിന് അനുമതി കൊടുത്തുവെന്നും പ്ലാൻ്റ്  ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ഇതോടൊപ്പം കൂടുതൽ അറവുമാലിന്യ പ്ലാൻ്റുകൾ അനുയോജ്യമായ സ്ഥലത്ത് അടിയന്തരമായി സ്ഥാപിക്കപ്പെടുമെന്നും ഉറപ്പു നല്കി. ഇതുമൂലം ജില്ലയിലെ കോഴി അറവുമാലിന്യം വിവിധപ്ലാൻ്റുകളിലേക്ക് വികേന്ദ്രീകരിക്കപ്പെടും . അതോടൊപ്പം ഫ്രഷ് കട്ട് കോഴി അറവുമാലിന്യപ്ലാൻ്റിലേക്ക് വരുന്ന അറവുമാലിന്യം പ്ലാൻ്റിന് തൊട്ടടുത്ത് വെയ്ബ്രിഡ്ജ്  (weigh bridge)സ്ഥാപിച്ച് ഉദ്യോഗസ്ഥരുടെയും സമര സമിതിയുടെയും ജനപ്രതിനിധികളുടെയും പ്രായോഗിക നിരീക്ഷണത്തിൽ അളവു തിട്ടപ്പെടുത്തണമെന്നും  പ്ലാൻറിലെ  ETP സംവിധാനം പുനർനിർമ്മിച്ച് പ്ലാൻ്റും പരിസരവും  മാലിന്യമുക്തമാക്കുകയും പ്ലാൻ്റിലേക്ക് വരുന്ന മുഴുവൻ വാഹനങ്ങളിലും കൃത്യമായ ഫ്രീസർ സംവിധാനം ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ കർശനമായ നിർദേശം നല്കി. ഈ രൂപത്തിൽ  ഒരു മാസത്തെ പ്ലാൻ്റിൻ്റെ പ്രവർത്തനം ജനപ്രതിനിധികളുടെയും സമരസമിതിയുടെയും നേതൃത്വത്തിൽ നിരീക്ഷിച്ച് ഒരു മാസത്തിനുള്ളിൽ കളക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഒക്ടോബർ മാസം 15 നുള്ളിൽ വീണ്ടും കളക്ടറുടെ സാന്നിധ്യത്തിൽ തുടർചർച്ച സംഘടിപ്പിക്കുമെന്നും കളക്ടർ ഉറപ്പു നല്കി . ഈ പശ്ചാത്തലത്തിൽ 10.09.2024 ചൊവ്വാഴ്ച്ച ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമിതി കരിമ്പാലകുന്ന് നടത്താൻ നിശ്ചയിച്ച കളക്ടറേറ്റ് മാർച്ചും ധർണയും നീട്ടിവച്ചിരിക്കുന്നതായി ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

മേൽ തീരുമാനങ്ങൾ ലംഘിക്കപ്പെട്ടാൽ അതി ശക്തമായ തുടർ പ്രക്ഷോഭം ആരംഭിക്കുമെന്ന് സമരസമിതി അറിയിച്ചു.

 ഭാരവാഹികൾ : എം.എം ഫൈസൽ, തമ്പി പറകണ്ടത്തിൽ , മുഹമ്മദ് കോയ സാഹിബ്, ഷാനു കരിമ്പാലകുന്ന്, സുലൈമാൻ കാരാട്ട്, ആൻ്റു എം കെ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments