Ticker

6/recent/ticker-posts

ഇ എസ് എ വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഒളിച്ചുകളി അവസാനിപ്പിക്കുക ; മലയോര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ.



താമരശ്ശേരി :
സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാന കാലാവസ്ഥ വകുപ്പ് ലഭ്യമാക്കിയ കെഎംഎൽ ഫയലുകൾ ഉപയോഗിച്ച് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഫീൽഡ് തല പരിശോധന നടത്തി അന്തിമമാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുന്ന ഇ എസ് എ പ്രദേശങ്ങൾ എന്തുകൊണ്ട് കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല സർക്കാർ വ്യക്തമാക്കണം.

ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഫോറെസ്റ്റ്, റവന്യൂ ഉദ്യോഗസ്ഥർ പ്രദേശവാസികൾ എന്നിവരുടെ സംയുക്ത ടീം ഫീൽഡ് തല പരിശോധന നടത്തി അന്തിമമാക്കി ഗ്രാമപഞ്ചായത്തുകളുടെ ബോർഡ് മീറ്റിങ്ങിൽ പ്രമേയങ്ങളും, തീരുമാനങ്ങളും അംഗീകരിച്ച് എടുത്ത് സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിന് കഴിഞ്ഞ മെയ് മാസം ലഭ്യമാക്കിയ കെഎംഎൽ ഫയലുകൾക്ക് പകരം വർഷങ്ങൾക്കു മുമ്പ് തയ്യാറാക്കിയ മാപ്പാണ് നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇത് മലയോരമേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് സർക്കാർ കാണിക്കുന്നത്.

2024 ജൂലൈ 31 ന് പ്രസിദ്ധീകരിച്ച കേന്ദ്ര ഗവൺമെന്റിന്റെ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം കേരളത്തിലെ ESA  മാപ്പുകളും ജിയോ കോഡിനേറ്റ്സും കേരള ബയോഡൈയ്വേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ  കൊടുത്തിട്ടുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്.
കൂടാതെ നേരത്തെ ഉണ്ടായിരുന്ന 123 വില്ലേജിന്റെ സ്ഥാനത്ത് 131 വില്ലേജുകളെ ഇഎസ്ഐ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

 എന്നാൽ കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്നത്   കഡസ്ട്രൽ മാപ്പുകൾ എന്ന പേരിൽ കുറേ സർവ്വേ നമ്പറുകൾ മാത്രം  ആണ്, അല്ലാതേ ജിയോ കോഡിനേറ്റ്സ് ഉള്ള K M L ഫയലുകൾ ഇല്ല. 

നിലവിൽ കേരള പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ  അണ് ജിയോ കോഡിനേറ്റുള്ള രണ്ട് മാപ്പുകൾ പ്രസിദ്ധീകരിച്ചു കൊണ്ട് സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. 

കേന്ദ്രസർക്കാർ ഗസറ്റ് വിജ്ഞാപനത്തിന് വിരുദ്ധമായി ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് പകരം എന്തുകൊണ്ടാണ് കേരളത്തിന്റെ പുതിയ ESA മാപ്പുകൾ കേരള പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു എന്നും ആയതിന് എന്ത് നിയമസാധുതയാണ് ഉള്ളത് എന്നും സർക്കാർ വ്യക്തമാക്കണം.

 നിലവിൽ പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന രണ്ട് മാപ്പുകളിൽ

 ഒന്ന് 131 വില്ലേജുകൾ മുഴുവൻ ഉൾപ്പെടുന്ന ഒരു വില്ലേജ് മാപ്പും, 

രണ്ട് അതാത് വില്ലേജുകളിലെ ESA  മാത്രം ഉൾപ്പെടുന്ന വേറൊരു മാപ്പും, 

ഇതിൽ ഏതു മാപ്പ് ആണ് അന്തിമമായി ഫൈനൽ ആക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ സമർപ്പിക്കുവാൻ പോകുന്നത് എന്ന് വ്യക്തമാക്കണം.

മലയോര മേഖലയിലെ ജനങ്ങളോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ നിർദിഷ്ട ഇ എസ് എ മേഖലയെ  ഫോറസ്റ്റ് വില്ലേജ്, റവന്യൂ വില്ലേജ് എന്നിങ്ങനെ  പ്രത്യേകം തിരിച്ച് സർക്കാർ വിജ്ഞാപനം ഇറക്കാൻ എന്താണ് സംസ്ഥാന സർക്കാരിന് തടസ്സം ഉള്ളത്.

 2024 സെപറ്റംബർ  2 നു പുറത്തുവിട്ട ഏറ്റവും പുതിയ മാപ്പിൽ   ഈ കഴിഞ്ഞ 2024 മെയ് മാസം പഞ്ചായത്തുകൾ സംയുക്ത ഫീൽഡ് തല പരിശോധന നടത്തി അന്തിമമാക്കി നൽകിയ തിരുത്തലുകൾ വരുത്തിയ KML ഫയലുകൾ എന്തുകൊണ്ട് ഉൾപ്പെടുത്തിയിട്ടില്ല എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം.

കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണ്ണമായും ഒഴിവാക്കിയ  ESA പ്രദേശങ്ങൾ മാർക്ക് ചെയ്ത മാപ്പുകൾ മാത്രം സമർപ്പിക്കുവാനുള്ള ആർജ്ജവം കാണിക്കണം. 

ജൂലൈ 31ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിന്മേൽ കേന്ദ്രസർക്കാരിനോട് ആക്ഷേപങ്ങൾ അറിയിക്കുവാനുള്ള സമയപരിധി ഈ മാസം സെപ്റ്റംബർ 28ന് അവസാനിക്കാനിരിക്കെ ഇനിയും കൃത്യമായി നിലപാടുകൾ എടുക്കാത്ത സംസ്ഥാന സർക്കാരിൻറെ നടപടി ബോധപൂർവ്വം ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മലയോരമേഖലയിലെ സാമൂഹ്യപ്രതിപാദ്ധ്യതയുള്ള മുഴുവൻ സംഘടനകളും വ്യക്തികളും കൂട്ടായ്മകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് മേൽ വിഷയത്തിലുള്ള പരാതികൾ ലിഖിത രൂപത്തിൽ പോസ്റ്റുകാർഡുകൾ ആയോ, ഇമെയിലുകൾ ആയോ അയക്കുവാൻ മുന്നോട്ടുവരെണ്ടതാണ്.

ESA  മാപ്പുകൾ അന്തിമമാക്കുന്നതിന് മുമ്പ്  നിലവിൽ പഞ്ചായത്തുകൾ നൽകിയിരിക്കുന്ന തിരുത്തലുകൾ വരുത്തുകയും,  ആയതിന്റെ KML / KMZ  ഫയലും ജിയോ കോർഡിനേറ്റ്സും പുറത്തുവിടുകയും  അവ പരിശോധിക്കുവാൻ പഞ്ചായത്തുകൾക്ക് ആവശ്യത്തിന് സമയം നൽകുകയും ചെയ്തതിനുശേഷം മാത്രമേ ഇ എസ് എയുടെ അന്തിമപ്രഖ്യാപനം ഉണ്ടാകുവാൻ പാടുള്ളു എന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നിസ ഷെറിഫ് , കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളി  കാരക്കട, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ  എന്നിവർ ഉൾപ്പെടെ മലയോര മേഖലയിലെ 5 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.


Post a Comment

0 Comments