തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മേലേപൊന്നാങ്കയത്ത് വീണ്ടും ജനവാസമേഖലയിൽ കാട്ടാനകളിറങ്ങി. പുരയിടങ്ങളിലെ കൃഷികൾ നശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് കാട്ടനക്കൂട്ടങ്ങളുടെ താണ്ഡവം. മണിക്കൊമ്പിൽ ജെയ്സന്റെ വീട്ടുവളപ്പിലെ കായ്ഫലമുള്ള തെങ്ങ് ആനകൾ പിഴുതെടുത്തു.
പേണ്ടാനത്ത് ബിനുവിന്റെ മുപ്പതോളം വാഴകൾ നശിപ്പിച്ചു.
പറമ്പാകെ ചവിട്ടിമെതിച്ചിട്ടനിലയിലാണ്. സാധാരണ ഒറ്റയാനാണ് എത്താറ്. ഇക്കുറി ആനകൾ കൂട്ടമായെത്തിയത് നാട്ടുകാരിൽ ഭീതിയുയർത്തിയിരിക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിലും ഈ മേഖലയിൽ കാട്ടാനയെത്തി വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. എടമനപ്പറമ്പിൽ ജോർജിന്റെ വാഴകൾ, തെങ്ങുകൾ, വട്ടത്തുണ്ടത്തിൽ ജിഷാൽ തമ്പിയുടെ കവുങ്ങ്, ജാതി, വാഴ, തെങ്ങ്, അമ്പലവേലിൽ സാബുവിന്റെ വാഴ, ജാതി തുടങ്ങിയ വിളകളാണ് നശിപ്പിച്ചിരുന്നത്.
കൃഷിയെമാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളാണ് ഇവിടെ ഏറെയുമുള്ളത്. ബാങ്കിൽനിന്ന് വായ്പയെടുത്തുംമറ്റും വിളവിറക്കുന്ന കൃഷിഭൂമിയിലാണ് വന്യമൃഗങ്ങളുടെ സ്വൈരവിഹാരം. വനമേഖലയോടുചേർന്ന് സ്ഥാപിച്ചിരുന്ന സൗരോർജവേലികൾ പലയിടത്തും കാട്ടാനകൾ ചവിട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കാൻ കാലതാമസംനേരിടുകയാണെന്നും വനാർതിർത്തിയിൽ സൗരോർജവേലികൾ സ്ഥാപിക്കാൻ അടിയന്തരനടപടി വേണമെന്നും കർഷകകോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സോണി മണ്ഡപത്തിൽ ആവശ്യപ്പെട്ടു.
താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിനുകീഴിലുള്ള തിരുവമ്പാടി നായരുകൊല്ലി സെക്‌ഷനിൽപ്പെടുന്ന കാടോത്തിക്കുന്ന് വനമേഖലയോടുചേർന്ന പ്രദേശമാണിത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി. രേഷ്മ, വാച്ചർ രാജു എന്നിവർ സ്ഥലം സന്ദർശിച്ചു.
0 Comments