കൽപറ്റ: വയനാട് ഉരുൾദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കൻഡറി സ്കൂളില്‍ ചൊവ്വാഴ്ച മുതല്‍ അധ്യയനം ആരംഭിക്കും.
ദുരന്തത്തിൽ തകർന്ന ചൂരൽമലയിലെ വെള്ളാർമല ജി.വി.എച്ച്.എസ് സ്കൂളിലെ കുട്ടികളുടെ പഠനം ജി.എച്ച്. എസ്.എസ് മേപ്പാടിയിലും മുണ്ടക്കൈ ജി.എൽ.പി എസിലെ കുട്ടികളുടെ പഠനം മേപ്പാടി എ.പി.ജെ ഹാളിലുമാണ് തുടങ്ങുക. സെപ്റ്റംബർ രണ്ടിനാണ് ഇവിടെ പ്രവേശനോത്സവം.
ഉരുള്‍പൊട്ടിയ ജൂലൈ 30 മുതല്‍ നൂറു കണക്കിന് കുടുംബങ്ങളെ താമസിപ്പിച്ചിരുന്നത് മേപ്പാടി സ്കൂളിലായിരുന്നു. താല്‍ക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി മുഴുവന്‍ കുടുംബങ്ങളെയും മാറ്റി പാര്പ്പിച്ചതിനെത്തുടര്ന്നാണ് സ്കൂളുകളില്‍ പഠനം പുനരാരംഭിക്കുന്നത്.
മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച 30 പേരെക്കൂടി ജനിതക പരിശോധനയിൽ തിരിച്ചറിഞ്ഞു.
ഞായറാഴ്ച കണ്ടെത്തിയ ആറ് ശരീരഭാഗങ്ങളിൽ അഞ്ചെണ്ണം മനുഷ്യരുടേതാണെന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇവ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ കണ്ടെത്തിയത് 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ്."
0 Comments