ഓമശ്ശേരി:വിദ്യാപോഷിണി എ.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി മിൻഹ ഫാത്വിമ സ്റ്റഡി ടേബിൾ വാങ്ങുന്നതിനായി കുഞ്ചിയിൽ സ്വരുക്കൂട്ടിയ നാണയത്തുട്ടുകൾ വയനാട്ടിലെ ദുരന്ത ബാധിതർക്ക് സമർപ്പിച്ച് മാതൃകയായി.ഓമശ്ശേരി ആനിക്കോത്ത് അബൂബക്കർ-സീനത്ത് ദമ്പതികളുടെ മകളാണ് മിൻഹ ഫാത്വിമ.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വയനാടിനൊരു കൈത്താങ്ങ് (മൾട്ടി മീഡിയ പഠന കേന്ദ്രം) പദ്ധതിയിലേക്കാണ് തന്റെ കുഞ്ഞു സമ്പാദ്യം മിൻഹ ഫാത്വിമ സമർപ്പിച്ചത്.12 വർഷത്തോളമായി തിരുവനന്തപുരത്ത് ചികിൽസ നടത്തി വരുന്ന രോഗിയായ സഹോദരൻ കൂടി ഉൾപ്പെടുന്ന നിർദ്ധന കുടുംബത്തിലെ അംഗമാണ് മിൻഹ ഫാത്വിമ.
തീർത്തും പ്രതികൂലമായ സാഹചര്യത്തിലും മാതൃകാ പ്രവർത്തനം കാഴ്ച്ച വെച്ച കൊച്ചു മിടുക്കിയെ വിദ്യാപോഷിണിയിലെ അധ്യാപകരും കൈവിട്ടില്ല.അധ്യാപകർ വാങ്ങിയ സ്റ്റഡി ടേബിൾ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സർപ്രൈസായി മിൻഹ ഫാത്വിമക്ക് കൈമാറിയപ്പോൾ നിറഞ്ഞ സദസ്സ് കരഘോഷത്തൊടെയാണത് വരവേറ്റത്.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ജനകീയ സമിതി ചെയർമാൻ പി.കെ.ഗംഗാധരൻ,ജന.കൺവീനർ യൂനുസ് അമ്പലക്കണ്ടി എന്നിവർ ചേർന്ന് പണം സ്വീകരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,ജനകീയ സമിതി വർ.കൺവീനർ സൈനുദ്ദീൻ കൊളത്തക്കര,കോ-ഓർഡിനേറ്റർ പി.എ.ഹുസൈൻ മാസ്റ്റർ,സ്കൂൾ മാനേജർ എ.കെ.അബ്ദുല്ല,പ്രധാനാധ്യാപകൻ കെ.വി.ശമീർ,പി.ടി.എ.പ്രസിഡണ്ട് ഇ.കെ.മൻസൂർ,വ്ലോഗർ അൻഷി,ഹസ്ന,എ.കെ.അബ്ദുൽ റഹ്മാൻ,യു.കെ.നൗഷാദ്,സക്കീർ പുറായിൽ,എ.കെ.മുഹമ്മദലി,ഫായിസ് ആനിക്കോത്ത് എന്നിവർ സംസാരിച്ചു.
ഫോട്ടോ:മിൻഹ ഫാത്വിമയിൽ നിന്നും ജനകീയ സമിതി ഭാരവാഹികൾ പണം സ്വീകരിക്കുന്നു.
0 Comments