ദുരന്തഭൂമിയിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണോ.
മേപ്പാടി(വയനാട്): ലോകം കൈകൂപ്പി നിന്ന, മാതൃത്വത്തിന്റെ സ്നേഹക്കടൽ ചുരത്തിയ ആ യുവതി ഇവിടെയുണ്ട്. വയനാട് വെള്ളമുണ്ടയിൽ. മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ അമ്മമാർ നഷ്ടപ്പെട്ട മുലകുടി വറ്റാത്ത കുഞ്ഞുങ്ങള മാറോടണക്കാൻ തയാറായി ലോകത്തിന്റെ കൈയടി നേടിയ ആ യുവതി ഷാനിബയാണ്. വയനാട് വെള്ളമുണ്ട എട്ടേനാൽ തോലൻ അസീസിന്റെ ഭാര്യ ഷാനിബ. ഉരുൾ പൊട്ടലിൽ മാതാവ് നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങൾ നിരവധിയുണ്ടെന്നറിഞ്ഞ് അവർക്ക് മുലയൂട്ടാൻ തയാറാവുകയായിരുന്നു അവർ.
ഒരു വാട്സ്ആപ് ഗ്രൂപ്പിലാണ് ഭാര്യയുടെ സന്നദ്ധത അസീസ് അറിയിച്ചത്. മാനന്തവാടി ചെറ്റപ്പാലം സ്വദേശിയും പൊതുപ്രവർത്തകനുമായ ഷബീർ അലി യുവതിയുടെ പേര് വെളിപ്പെടുത്താതെ സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചു. വിവരമറിഞ്ഞ് മലയാളികളോടൊപ്പം വിദേശ പൗരന്മാർ പോലും യുവതിയുടെ മാതൃസ്നേഹത്തെ പ്രകീർത്തിച്ച് രംഗത്തെത്തി. മാധ്യമമാണ് വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതോടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അന്വേഷണവുമെത്തി. കൂടാതെ, സമൂഹ മാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുകയും ചെയ്തു.
ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്’ എന്ന ഒറ്റവാചകമായിരുന്നു സാമൂഹിക മാധ്യമത്തിലൂടെ അസീസ് പതോറിറ്റിയിൽ ജോലിചെയ്യുന്ന അസീസ് ഉരുൾപൊട്ടലുണ്ടായ ദിവസം രാവിലെ മുതൽ ദുരന്തഭൂമിയിലായിരുന്നു. രാത്രി വീട്ടിലെത്തിയപ്പോൾ ഭാര്യയോട് ദുരന്തത്തിന്റെ ഭീകരത പങ്കുവെച്ചു. ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമ്പോൾ വ്യത്യസ്തമായി തനിക്കെന്തെങ്കിലും ചെയ്യാനാകുമോ എന്ന് ആലോചനയിലായിരുന്നു ഷാനിബ. അമ്മമാർ നഷ്ടപ്പെട്ട് ബാക്കിയായ എത്രയോ കുഞ്ഞുങ്ങൾ ആരുടെയൊക്കെയോ കൈകളിൽ ബാക്കിയായിട്ടുണ്ടാവില്ലേ എന്നാണ് എട്ടു മാസം പ്രായമായ കുഞ്ഞിന്റെ മാതാവായ ഷാനിബ ഓർത്തത്. ആ ചിന്തയിൽ നിന്നാണ് കുഞ്ഞുങ്ങൾക്ക് മൂലയൂട്ടിയാലെന്തെന്ന വലിയൊരു ജീവ കാരുണ്യ പ്രവർത്തനത്തെ കുറിച്ച് ഭർത്താവിനോട് സംസാരിച്ചത്.
നിമിഷങ്ങൾക്കകം ഈ സന്നദ്ധത സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി. ഒരു ജർമൻ പൗരൻ വിഷയം ജർമൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ അഭിനന്ദന പ്രവാഹത്തോടൊപ്പം ഇങ്ങനെയൊക്കെ തയാറാകുമോ എന്ന അത്ഭുതമാണ് പലരും പങ്കുവെച്ചത്. മുലപ്പാൽ ആവശ്യമുണ്ടെന്ന വിളിയെത്തിയതോടെ വ്യാഴാഴ്ച ഭർത്താവിനും കുഞ്ഞിനുമൊപ്പം ഷാനിബ മേപ്പാടിയിലെ ദുരിതാശ്വാസ കേന്ദ്രത്തിലെത്തി.
കടപ്പാട് മാധ്യമം.
0 Comments