കോഴിക്കോട് വയനാട് ദുരന്തബാധിതർക്ക് മുസ്‍ലിം ലീഗ് 691 കുടുംബങ്ങൾക്ക് 15000 രുവ വിതം വെള്ളിയാഴ്ച വിതരണം ചെയ്യും.
ആൾനഷ്ടവും സ്വത്ത് നഷ്ടവും കൊണ്ട് സംസ്ഥാന ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രകൃതിദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. ദുരന്തഭൂമിയിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും ആദ്യ ദിവസം തൊട്ട് മുസ്ലിംലീഗിനൊപ്പം യൂത്ത് ലീഗും കെ എം സി സിയും ഉൾപ്പെടെയുള്ള പോഷക സംഘടനകളും സജീവമാണ്. നാലു ഘട്ടങ്ങളിലായിട്ടാണ് മുസ്ലിംലീഗിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
ഒന്നാം ഘട്ടം: രക്ഷാ പ്രവർത്തനം
ദുരന്തഭൂമിയിൽ കുടുങ്ങിയവരെ രക്ഷപെടുത്തുന്നതിലും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിലും സംസ്‌കരിക്കുന്നതിലും മുസ്ലിംലീഗ് നടത്തിയ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണ്. സന്നദ്ധ സേനയായ വൈറ്റ് ഗാർഡിനെയും സി എച്ച് സെന്റർ പൂക്കോയ തങ്ങൾ ഹോസ്പിസിന് കീഴിലെ ആംബുലൻസുകളും ഫ്രീസറുകളും ഉപയോഗപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്. ആദ്യ നാല് ദിവസം ദിനംപ്രതി എണ്ണായിരത്തിലധികം വരുന്ന ജീവൻ രക്ഷാ പ്രവർത്തകർക്ക് വൈറ്റ് ഗാർഡ് ഭക്ഷണ വിതരണവും നടത്തി.
രണ്ടാം ഘട്ടം: കളക്ഷൻ സെന്റർ
മുസ്ലിംലീഗ് വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ കളക്ഷൻ സെന്റർ ആരംഭിച്ച് ശേഖരിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളും ഫർണ്ണീച്ചറുകളും ഗൃഹോപകരണങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിൽ കഴിയുന്നവരുമായ ദുരന്തബാധിതർക്ക് വിതരണം ചെയ്തു. ഒന്നരക്കോടി രൂപയുടെ സഹായങ്ങൾ ഇതിനകം കളക്ഷൻ സെന്റർ മുഖാന്തരം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
മൂന്നാം ഘട്ടം: അടിയന്തര സഹായങ്ങൾ
വയനാടിന്റെ കണ്ണീരൊപ്പാൻ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രത്യേകം ആപ്പ് തയ്യാറാക്കി ധനസമാഹരണം നടത്തി വരുന്നു. ഈ മാസം 31ന് ഫണ്ട് കലക്ഷൻ അവസാനിക്കും. ചെലവഴിക്കുന്ന തുകയും ആപ്പിൽ പ്രദർശിപ്പിക്കും. ഇതിനകം 27 കോടിയിലധികം സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ദുരന്ത ബാധിതർക്ക് അടിയന്തര സഹായങ്ങൾ ആവശ്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ 691 കുടുംബങ്ങൾക്ക് 15000(പതിനയ്യായിരം) രൂപ അടിയന്തര സഹായം വിതരണം ചെയ്യാൻ തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായി നഷ്ടപ്പെട്ട 40 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകും. ടാക്സി ജീപ്പ് നഷ്ടപ്പെട്ട 4 പേർക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നു പേർക്ക് ഓട്ടോറിക്ഷകളും വാങ്ങി നൽകും. വിദ്യാഭ്യാസ സഹായങ്ങളും ആവശ്യമെങ്കിൽ ചികിത്സക്ക് സഹായങ്ങളും നൽകും. മേൽ കാര്യങ്ങൾക്ക് ഒന്നര കോടി രൂപ അനുവദിക്കും. വെള്ളിയാഴ്ച മുതൽ സഹായങ്ങൾ നൽകും.
തൊഴിൽ പദ്ധതി
ദുരിത ബാധിത മേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് യു.എ.ഇയിലെ വിവിധ കമ്പനികളിൽ തൊഴിൽ നൽകും. യു.എ.ഇ കെ.എം.സി.സിയാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നത്. 55 അപേക്ഷകളിൽനിന്ന് 48 പേരെ ഇതിനായി അഭിമുഖം നടത്തി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. യോഗ്യതക്കനുസരിച്ച് ഇവർക്ക് അനുയോജ്യമായ കമ്പനികളിൽ ജോലി നൽകും.
ലീഗൽ സെൽ
ദുരിതബാധിത മേഖലയിലുള്ളവരെ നിയമപരമായ കാര്യങ്ങൾക്ക് സഹായിക്കുന്നതിനായി ലീഗൽ സെൽ രൂപീകരിച്ചു. ലോയേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് നിയമസഹായം നൽകുക.
നാലാം ഘട്ടം: പുനരധിവാസം
വീടുകൾ നഷ്ടപ്പെട്ട 100 കുടുംബങ്ങൾക്ക് 8 സെന്റിൽ കുറയാത്ത സ്ഥലവും 1000 സ്‌ക്വയർ ഫീറ്റ് വീടും നിർമ്മിച്ച് നൽകും. ഇതിനായി ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്ഥല സംബന്ധമായ കാര്യങ്ങൾക്ക് സർക്കാറുമായി ചർച്ച നടത്തും.
ഉപസമിതി
പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഞ്ചംഗ ഉപസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. പി.കെ ബഷീർ എം.എൽ.എയാണ് കൺവീനർ. സി.മമ്മുട്ടി, പി.കെ ഫിറോസ്, പി. ഇസ്മായിൽ, ടി.പി.എം ജിഷാൻ എന്നിവരാണ് അംഗങ്ങൾ. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുമായി ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതന്ന് പത്ര സമ്മേളനത്തിൽഅറിയിച്ചു .
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ :
- സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
- പി.കെ കുഞ്ഞാലിക്കുട്ടി
- പി.എം.എ സലാം
- സി മമ്മൂട്ടി
- പി കെ ഫിറോസ്
- പി ഇസ്മായിൽ
- ടി പി എം ജിഷാൻ
- എം.സി മായിൻ ഹാജി
- ഉമ്മർ പാണ്ടികശാല
- പാറക്കൽ അബ്ദുല്ല
- ആബിദ് ഹുസൈൻ തങ്ങൾ
- അൻവർ നഹ
0 Comments