ഓമശ്ശേരി: ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ വിദ്യാർത്ഥികൾക്കായി നിർമ്മിക്കാനുദ്ദേശിക്കുന്ന മൾട്ടി മീഡിയ പഠന കേന്ദ്രത്തിലേക്ക് പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ ഒരു ദിവസത്തെ വേതനം സംഭാവന ചെയ്ത് മാതൃകയായി.20 ഹരിത കർമ്മ സേനാംഗങ്ങൾ ചേർന്ന് പതിനായിരം രൂപയാണ് സഹായ ഫണ്ടിലേക്ക് കൈമാറിയത്.ഓമശ്ശേരി ബ്രൈൻ വേവ് അക്കാദമിയിലെ വിദ്യാർത്ഥികൾ സ്വരൂപിച്ച പതിനായിരം രൂപയും ജനകീയ സമിതിക്ക് കൈമാറി.
ജനകീയ സമിതി ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി.കെ.ഗംഗാധരൻ ഹരിത കർമ്മ സേനയിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും തുക സ്വീകരിച്ചു.ജന.കൺവീനർ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വർ.ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതവും വർ.കൺവീനർ സൈനുദ്ദീൻ കൊളത്തക്കര നന്ദിയും പറഞ്ഞു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,ജനകീയ സമിതി ട്രഷറർ കെ.ആനന്ദ കൃഷ്ണൻ,കോ-ഓർഡിനേറ്റർ പി.എ.ഹുസൈൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ ഒ.പി.സുഹറ,അശോകൻ പുനത്തിൽ,എം.ഷീജ,എം.ഷീല,ബീന പത്മദാസ്,ഹരിത കർമ്മ സേന ടീം ലീഡർ ടി.വി.സ്വീറ്റി എന്നിവർ സംസാരിച്ചു.
ഓമശ്ശേരി പഞ്ചായത്തിലെ ജനപ്രതിനിധികളും മത-സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക സംഘടനാ പ്രതിനിധികളും യോഗം ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് പഠന കേന്ദ്രം നിർമ്മിക്കുന്നതിനുള്ള ഫണ്ട് സമാഹരണ യജ്ഞത്തിന് തുടക്കം കുറിച്ചത്.ആഗസ്ത് 20 വരെയാണ് ഫണ്ട് ശേഖരിക്കുന്നത്.വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും 8,9(വ്യാഴം,വെള്ളി) ദിവസങ്ങളിലാണ് ഫണ്ട് സമാഹരണം നടക്കുക.പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും ഈ സദുദ്യമവുമായി സഹകരിക്കണമെന്ന് ജനകീയ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഫോട്ടോ:വയനാടിനൊരു കൈത്താങ്ങ് ഫണ്ടിലേക്കുള്ള ഹരിത കർമ്മ സേനയുടെ ഒരു ദിവസത്തെ വേതനം ജനകീയ സമിതി ചെയർമാൻ പി.കെ.ഗംഗാധരൻ ഏറ്റുവാങ്ങുന്നു.
0 Comments