Ticker

6/recent/ticker-posts

മിന്നൽ പ്രളയവും ഉരുൾപ്പൊട്ടലും ; ഉത്തരാഖണ്ഡിൽ 16 പേർ മരിച്ചു .



ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപ്പൊട്ടലിലും 16 പേർ മരിച്ചു. ആറ് പേർ ഗുരുതരപരിക്കുകളോട് ആശുപത്രിയിലാണ്. രണ്ടായിരത്തോളം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.

കേദാർനാഥിൽ നിന്നും ഇതുവരെ 737 പേരെ ഹെലികോപ്ടറിൽ മാറ്റിയെന്ന് പൊലീസ് അറിയിച്ചു. 2,670 പേരെ സോനപ്രയാഗിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കേദാർനാഥ് താഴ്വര പൂർണമായും ഒറ്റപ്പെട്ടു. ഭിംഭാലിയിലെ ട്രക്കിങ് പാതയിലുണ്ടായ ഉരുൾപ്പൊട്ടലും സോനപ്രയാഗിനും ഗൗരിഗുണ്ടിനും ഇടക്ക് മിന്നൽപ്ര​ളയത്തിൽ ഹൈവേ തകർന്നതുമാണ് കേദാർനാഥിനെ പ്രതിസന്ധിയിലാക്കിയത്.

430 പേർ ഇപ്പോഴും കേദാർനാഥിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ വ്യോമസേനയുടെ ഹെലികോപ്ടറിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.കനത്ത മഴയെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

അടുത്ത 48 മണിക്കൂറിൽ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് നൽകിയിരുന്നുവെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അഭിനവ് കുമാർ പറഞ്ഞു. തുടർന്ന് എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങൾക്ക് തയാറായിരിക്കാൻ നിർദേശം നൽകുകയും പ്രാദേശിക ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്നും ഡി.ജി.പി പറഞ്ഞു.

ദുരന്തമുണ്ടായ ഉടൻ കേന്ദ്രസർക്കാർ വ്യോമസേന ഹെലികോപ്ടറുകളെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് സാധ്യമാകുന്ന എല്ലാ സഹായവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമിക്ക് വാഗ്ദാനം ചെയ്തു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും സ്ഥിതി വിലയിരുത്തിയെന്ന് ഉത്തരാണ്ഡ് സർക്കാർ അറിയിച്ചു.


Post a Comment

0 Comments