തിരുവമ്പാടി:
2008 ലെ നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ വന്ന അപാകതകൾ പരിഹരിക്കുന്നതിന് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നതിന് തീരുമാനമായി.
തിരുവമ്പാടി പഞ്ചായത്തിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ കാലങ്ങളായി പുരയിടമായി കൃഷി ചെയ്തു വരുന്ന ഒട്ടേറെ ഹെക്ടർ ഭൂമി തെറ്റായി സർവ്വേ നമ്പർ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത് കാരണം ഒട്ടേറെ സ്ഥലമുടമകൾക്ക് പ്രയാസം നേരിട്ടിരുന്നു.
നിലവിലുള്ള സംവിധാനങ്ങളെ സഹായിക്കും വിധം കൃഷി - റവന്യു ഉദ്യോഗസ്ഥർക്ക് അധിക ചുമതലകൾ നൽകി പരിശോധനകൾ നടത്തി അപാകതകൾ പരിഹരിക്കുന്നതിനാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ തീരുമാനിച്ചത്.
റവന്യു മന്ത്രി കെ.രാജൻ,കൃഷി മന്ത്രി പി.പ്രസാദ്,ലിന്റോ ജോസഫ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ഇന്ന് ചേർന്ന യോഗത്തിലാണ് വിഷയം പരിഹരിക്കുന്നതിന് തീരുമാനമായത്.
യോഗത്തിൽ കൃഷി ,റവന്യു സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. സ്ഥലമുടമകളെ പ്രതിനിധീകരിച്ച് കർഷകസംഘം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം ജെമീഷ് ഇളംതുരുത്തിയിൽ പങ്കെടുത്തു.
0 Comments