Ticker

6/recent/ticker-posts

മലബാർ റിവർ ഫെസ്റ്റിവലിന് ഇലന്തുകടവിൽ ഉജ്ജ്വല സമാപനം ;




പൊതുവിടങ്ങളിലെ ശുചിത്വവും പെരുമാറ്റ രീതിയും വിനോദസഞ്ചാര മേഖലയിൽ പ്രധാനമെന്ന് മന്ത്രി കേളു

തിരുവമ്പാടി :
ഒരു മാസത്തോളം മലയോരമേഖലയ്ക്ക് ഉത്സവച്ഛായ പകർന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഇലന്തുകടവിൽ ഉജ്ജ്വല സമാപനം.


ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിൽ ന്യൂസിലാണ്ടിൽ നിന്നുള്ള മനു വിങ്ക് വാക്രനഗൽ റാപ്പിഡ് രാജയായും ജർമ്മനിക്കാരി മരീസ കൗപ് റാപ്പിഡ് റാണിയുമായും തെരെഞ്ഞെടുക്കപ്പെട്ടു. ഇരുവരും 1,20,000 രൂപ വീതമുള്ള ചെക്ക് പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളുവിൽ നിന്ന് ഏറ്റുവാങ്ങി. 





മികച്ച ഇന്ത്യൻ പാഡ്ലർ  വനിത വിഭാഗത്തിൽ നൈന അധികാരിയും (ഉത്തരാഖണ്ഡ്), പുരുഷ വിഭാഗത്തിൽ അമിത് ഥാപ്പയുമാണ് (ഉത്തരാഖണ്ഡ്).

സമാപനം മന്ത്രി കേളു ഉദ്ഘാടനം ചെയ്തു. പൊതുവിടങ്ങളിലെ ശുചിത്വവും ആളുകളോടുള്ള പെരുമാറ്റവും വിനോദസഞ്ചാര മേഖലയിൽ പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 


"കാർഷിക സംസ്ഥാനമായ കേരളം കലാന്തരത്തിൽ മാറിമറിഞ്ഞു വിനോദസഞ്ചാര മേഖലയിൽ ആണ് ഇന്ന് നിൽക്കുന്നത്. നമ്മുടെ പ്രധാന തൊഴിൽ, വരുമാന മേഖലയായി വിനോദസഞ്ചാര മേഖല മാറി. വിനോദസഞ്ചാര പദ്ധതികളെ നന്നായി പ്രയോജനപ്പെടുത്താൻ കേരളത്തിന് സാധിക്കണം," മന്ത്രി പറഞ്ഞു. 

സാഹസിക വിനോദസഞ്ചാരത്തിന്റെ മലബാർ മേഖലയുടെ ഓഫീസായി പുലിക്കയത്തെ ടൂറിസം ഫെസിലിറ്റേഷൻ കേന്ദ്രത്തെ മാറ്റുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു. വരും നാളുകളിൽ മലബാർ റിവർ ഫെസ്റ്റ് കൂടുതൽ വിപുലമായി നടത്താനുള്ള പരിപാടികളുമായി മുന്നോട്ട് പോകും. 

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൺ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ് ചെമ്പകശ്ശേരി, മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു, 
ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേഴ്സി പുളിക്കാട്ട്, കെ ഡി ആന്റണി, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 


അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെഎടിപിഎസ്) 
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ് സ്വാഗതവും വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ നന്ദിയും പറഞ്ഞു.

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കെഎടിപിഎസ്, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ് & കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ജൂലൈ 25 മുതൽ നാല് നാൾ മലബാർ റിവർ ഫെസ്റ്റിവൽ നടന്നത്. ചാലിപ്പുഴയ്ക്കും ഇരുവഞ്ഞിക്കും പുറമെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മീൻതുള്ളിപ്പാറയും കയാക്കിങ്ങിന് വേദിയായി. 

സ്വദേശികൾക്ക് പുറമെ, ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 15 അന്താരാഷ്ട്ര കയാക്കർമാരാണ് മലബാർ റിവർ ഫെസ്റ്റിൽ തുഴയെറിഞ്ഞത്.

ഒരു മാസം മുൻപ് തുടങ്ങിയ പ്രീ-ഇവെന്റുകൾ 8 ഗ്രാമപഞ്ചായത്തുകളിലും മുക്കം മുനിസിപ്പാലിറ്റിയിലുമായി സജീവ ജനപങ്കാളിത്തത്തോടെ നടന്നു.

Post a Comment

0 Comments