തിരുവമ്പാടി:
സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആയതിനാൽ ആരോഗ്യപരിപാലനം അപ്രാപ്യമായ കുടുംബങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയുമായി തിരുവമ്പാടി സേക്രഡ്ഹാർട്ട് നല്ലപാഠം പ്രവർത്തകർ.
പ്രതിഫലം ഇച്ഛിക്കാതെ സൗജന്യ ആതുര സേവനവുമായി രംഗത്തുള്ള തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നിസ്വാർത്ഥമായ സേവനത്തെക്കുറിച്ച് മനസ്സിലാക്കിയ വിദ്യാലയത്തിലെ നല്ലപാഠം പ്രവർത്തകർ സൊസൈറ്റിയെ സാമ്പത്തികമായി സഹായിക്കുന്നതിന് തീരുമാനിച്ചു.ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നല്ലപാഠം ക്ലബ് അംഗങ്ങൾ തങ്ങളുടെ സഹപാഠികളോട് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനത്തെക്കുറിച്ചും ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുംസംസാരിച്ചു.
വിദ്യാർത്ഥികൾ തന്നെ മുന്നോട്ടുവെച്ച ആശയത്തിൽ നിന്നും ആഴ്ചയിൽ ഒരു ദിവസം ഒരു വിദ്യാർത്ഥി ഒരു രൂപ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി നൽകാം എന്ന തീരുമാനത്തിൽ എത്തി.
അങ്ങനെ സമാഹരിച്ച തുക സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസിന്റെ സാന്നിധ്യത്തിൽ ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് കൈമാറി.
സമൂഹം മാതൃകയാക്കേണ്ട നല്ല പാഠമാണ് സേക്രഡ് ഹാർട്ട് നല്ലപാഠം ക്ലബ് അംഗങ്ങൾ തങ്ങളുടെ ഓരോ പ്രവർത്തനത്തിലൂടെയും ചെയ്യുന്നതെന്ന് സൊസൈറ്റി ഭാരവാഹി കെ സി ജോസഫ് ചടങ്ങിൽ വെച്ച് അഭിപ്രായപ്പെട്ടു.
രാജൻ ചെമ്പകം, കെ സി ജോസഫ്, ബേബി കാരിക്കാട്ടിൽ, ജോർജ് മുണ്ടാട്ട്,എന്നിവർ സഹായ നിധി ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് പി, അത്തീഫ് റഹീം, റിച്ചു രാജീവ്, ദിൽന ഫാത്തിമ, ആഞ്ചലീന ജിയോ, നല്ലപാഠം കോർഡിനേറ്റർമാരായ ഗ്ലാഡി സിറിൽ, ലിറ്റി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
0 Comments