തിരുവമ്പാടി:
മലയോര മേഖലയിൽ ഡെങ്കിപ്പനി പകർച്ചാ സാധ്യതയുള്ളതിനാൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 'കരുതലിൻ്റെ നോട്ടം' എന്ന ക്യാമ്പയിൻ്റെ ഭാഗമായി 2024 ജൂലൈ 14 ഞായറാഴ്ച തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാവരും വീടും പരിസരവും സ്ഥാപനങ്ങളും തോട്ടങ്ങളും പരിശോധിച്ചു കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കി ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാവണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസണും കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയയും അറിയിച്ചു.
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദ്ദി, വയറുവേദന, ശരീരഭാഗങ്ങളിൽ നിന്നും രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കൽ, ശരീരം തണുത്ത് മരവിക്കുക ,ശരീര തളർച്ച, രക്തസമ്മർദ്ദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്.
മേൽ പറഞ്ഞ പല ലക്ഷണങ്ങളും വിവിധ രോഗങ്ങളുടെയും കൂടി ലക്ഷണമായതിനാൽ പ്രത്യേകം ശ്രദ്ധിക്കുക.
പനി മാറിയാലും മൂന്നു നാലു ദിവസം കൂടി സമ്പൂർണ്ണ വിശ്രമം തുടരുക, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുക് വലയ്ക്കുള്ളിൽ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പ്രതിരോധം പ്രധാനം.
ഈഡിസ് കൊതുക് നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാർഗ്ഗം. വീടിനുള്ളിലും, വീടിനു സമീപവുമാണ് ഇവ പ്രജനനം നടത്തുന്നത്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുങ്ങിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്സ്, സൺഷെയ്ഡ്, പാത്തികൾ എന്നിവിടങ്ങിൽ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. ഓരോ വ്യക്തിയും തന്റെ വീടിന്റെയും സ്ഥാപനത്തിന്റെയും പരിസരത്ത് ഇത്തരം കൊതുകു വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഡെങ്കിപ്പനിയെ നമുക്ക് ഇല്ലാതാക്കാൻ കഴിയും.ഇതിനായി ഞായറാഴ്ചകളിൽ വീടുകളിലും, വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും, ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.
0 Comments