അംഗോള: കർണാടകയിലെ ഷിരൂരിൽ തെരച്ചിലിനിടെ ഗംഗാവലി നദിയിൽ ട്രക്ക് കണ്ടെത്തിയതായി കർണാടക മന്ത്രി. ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാകാം ഇതെന്നാണ് സൂചന. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ലൊക്കേഷൻ വിവരങ്ങളടങ്ങിയ ചിത്രം അധികൃതർ പുറത്തുവിട്ടു.
നദിയുടെ അടിഭാഗത്ത് ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബയരെ ഗൗഡ എക്സിൽ കുറിച്ചു. നിലവിൽ നദിയുടെ കരയോട് ചേർന്ന ഭാഗത്ത് നേവിയുടെ ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. കാലാവസ്ഥ അനുകൂലമെങ്കിൽ രാത്രിയിലും പരിശോധന തുടരാനാണ് സാധ്യത.
ദുരന്തത്തിൽ മരിച്ച ഏതാനും പേരുടെ മൃതദേഹം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. കൂടുതൽ പേരെ കണ്ടെത്താനായി കോസ്റ്റ് ഗാർഡ് തെരച്ചിൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ 16നാണ് അങ്കോളയിൽ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവർമാർ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിർത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേരാണ് മരിച്ചത്.
0 Comments