തിരുവമ്പാടി:
അന്നന്നപ്പത്തിനായി നന്നേ കഷ്ടപ്പെടുന്ന കുടുംബങ്ങൾ.അവർക്ക് ഒരു മാസം ഭക്ഷണത്തിന് ആവശ്യമായ തുകയേക്കാൾ കൂടുതൽ മക്കളുടെമരുന്നിന് ചെലവാക്കേണ്ടിവരുന്ന രക്ഷിതാക്കളുടെ നിസ്സഹായ അവസ്ഥ. ഇതാണ് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിനെ ' ജീവാമൃതം' എന്ന പദ്ധതി തുടങ്ങാൻ പ്രേരിപ്പിച്ചത്. ഒരു ദിവസം പോലും മുടങ്ങാതെ മരുന്ന് കഴിക്കേണ്ട കുട്ടികൾ നമ്മുടെ സ്കൂളിൽ ഉണ്ടെന്ന തിരിച്ചറിവ് വിദ്യാലയത്തിലെ നല്ല പാഠം പ്രവർത്തകരെ ദുഃഖത്തിലാഴ്ത്തി. അവരുടെ വിശപ്പകറ്റാനല്ല വേദന മാറ്റാനാണ് നാം ധനസമാഹരണം നടത്തുന്നത് എന്ന് കുട്ടികൾ തലേന്ന് തന്നെ ഓരോ ക്ലാസിലും കയറി സഹപാഠികൾക്ക് ബോധവൽക്കരണം നടത്തി.
അങ്ങനെ, നല്ല പാഠം പ്രവർത്തകരുടെ' സുകൃതം സഹായ പദ്ധതി 'യിലേക്ക്അവർ അകമഴിഞ്ഞ് സഹായിച്ചു. മിഠായി വാങ്ങാൻ വെച്ച ചെറിയ തുക മുതൽ ജന്മദിനാഘോഷങ്ങൾക്കായി മാറ്റി വെച്ചിരുന്ന വലിയ തുക വരെ സുകൃതം സഹായ പദ്ധതിയുടെ ബക്കറ്റിൽ നിക്ഷേപിച്ചു.ആ തുകയും സുമനസ്സുകൾ സംഭാവനയായി നൽകിയ തുകയും ഉപയോഗിച്ച് ഭിന്നശേഷിക്കാരും നിത്യരോഗികളും കിടപ്പു രോഗികളുമായ 15 ഓളം പേർക്ക് ഒരു മാസത്തേക്കുള്ള മരുന്ന് എത്തിക്കാനായി സാധിച്ചു.
നിർധനരായ 15 നിത്യരോഗികൾക്ക് ഒരു വർഷത്തേക്ക് സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ തീർത്തും സൗജന്യമായി മരുന്ന് നൽകുന്നതാണ് 'ജീവാമൃതം പദ്ധതി.'
സ്കൂളിൽ വെച്ച് നടന്ന ജീവാമൃതം ഉദ്ഘാടന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു ജോൺസൺ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, മഞ്ചേരി ഫാത്തിമ മെഡിക്കൽസ് ഉടമ ശ്രീ തോമസ് കുരുവിള,
സ്കൂൾ മാനേജർ റവ ഫാദർ തോമസ് നാഗപറമ്പിൽ,സ്കൂൾ പിടിഎ പ്രസിഡണ്ട് ജമീഷ് സെബാസ്റ്റ്യൻ,പ്രിൻസിപ്പാൾ വിപിൻ എം സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സജി തോമസ് പി, എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി ഷീജസണ്ണി,സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിനറ്റ് സി, എന്നിവർ സംസാരിച്ചു. ശ്രീമതി അമല വർഗീസ്,മിറ ക്ലെയർ മരിയറ്റ്, അഭിനയനാ സി നല്ല പാഠം കോർഡിനേറ്റർമാരായ ലിറ്റി സെബാസ്റ്റ്യൻ,ഗ്ലാഡി സിറിൽ എന്നിവർ നേതൃത്വം നൽകി.
0 Comments