റിയാദ്: സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി. ഇതോടെ, റഹീമിന്റെ മോചനം ഉടൻ സാധ്യമാകും. ദിയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കൊല്ലപ്പെട്ട സഊദി യുവാവിന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതോടെയാണ് കോടതി വധശിക്ഷ റദ്ദാക്കി കോടതി ഉത്തരവിട്ടത്. ഇന്ന് കോടതിയിൽ എത്തിയാണ് കുടുംബം ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇന്ന് തന്നെ ഗവർണറേറ്റിലേക്ക് അയക്കും.
ഇതോടെ റഹീമിന്റെ മോചനത്തിന് ആവശ്യമായ സങ്കീർണ്ണവും നിർണ്ണായകവുമായ എല്ലാ കടമ്പകളും അവസാനിച്ചു. ദിയാധനം സ്വീകരിച്ച് റഹീമിന് മാപ്പു നൽകാൻ തയ്യാറാണെന്ന് അറിയിച്ചുള്ള കുടുംബത്തിന്റെ സമ്മതപത്രം റിയാദ് ഗവർണറേറ്റിന് കോടതി കൈമാറും. റഹീമിനെ അധികം വൈകാതെ ജയിലിൽനിന്ന് മോചിപ്പിച്ച് റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് അയക്കും. കൊല്ലപ്പെട്ട സഊദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യൺ റിയാലിന്റെ (ഏകദേശം 35 കോടി രൂപ) ചെക്ക് നേരത്തെ തന്നെ കോടതിയിൽ ഇന്ത്യൻ എംബസി വഴി എത്തിച്ചിരുന്നു.
അബ്ദുൽ റഹീമിനെയും ഇന്ന് കോടതിയിൽ ഓൺലൈൻ വഴി ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസവും റഹീമിനെ കോടതിയിൽ കൊണ്ടുവന്നിരുന്നെങ്കിലും മുഴുവൻ കക്ഷികളും എത്താത്തതിനാൽ കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അറ്റോർണി സിദ്ദിഖ് തുവ്വൂർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി എന്നിവർ കോടതിയിൽ ഹാജരായിരുന്നു
0 Comments