Ticker

6/recent/ticker-posts

കാലിക്കറ്റ് യൂനിവേഴ്സിറ്റി ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.




തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 2024-2025 അധ്യയന വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും.

ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചവർ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിലും) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. എസ്.സി. / എസ്.ടി. / ഒ.ഇ.സി. / ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികള്‍: 135 രൂപയും മറ്റുള്ളവര്‍ 540 രൂപയുമാണ് അടയ്ക്കേണ്ടത്. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുമ്പായി മാന്‍ഡേറ്ററി ഫീസടച്ച് കോളജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ് പ്രകൃയയിൽ നിന്ന് പുറത്താകും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാർഥികൾ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിർബന്ധമായും ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യണം.

ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും. അത് പിന്നീട് പുനഃസ്ഥാപിച്ചു നൽകില്ല. ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനോ പുതിയ കോളജുകളോ കോഴ്സുകളോ കൂട്ടിച്ചേര്‍ക്കുന്നതിനോ ഈ അവസരത്തില്‍ സാധിക്കില്ല. ഹയർ ഓപ്‌ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. പ്രവേശനം നേടുന്ന വിദ്യാർഥികള്‍ക്ക് ടി.സി. ഒഴികെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കോളേജിലെ പരിശോധനയ്ക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാവുന്നതാണ്.



Post a Comment

0 Comments