തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി പിടിയിലായി. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് പിടികൂടിയത്. പാപ്പനംകോട് കരമന സ്വദേശിയായ എസ്. ദീപുവിനെ (44) കൊലപ്പെടുത്തിയ കേസിലാണ് നടപടി.
ഷാജി മറ്റ് കൊലക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ചോദ്യംചെയ്യൽ തുടരുകയാണ്.
കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ ദീപുവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാർ വഴിയരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കാറിന്‍റെ മുൻ സീറ്റിൽ ദീപുവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴിനൽകിയിരുന്നു. പണത്തിന് വേണ്ടിയുള്ള കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.
0 Comments