ഓമശ്ശേരി:കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 'ആത്മ'(അഗ്രികൾച്ചർ ടെക്നോളജി മാനേജ്‌മന്റ് ഏജൻസി) പദ്ധതിയിൽ ഉൾപ്പെടുത്തി ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പഞ്ചായത്തിലെ കൃഷിക്കൂട്ടങ്ങൾക്ക് ഏകദിന പരിശീലനം നൽകി.വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ടാണ് പരിശീലനം നൽകിയത്.വിവിധ വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പ് പ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പഞ്ചായത്തംഗം ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ഗ്രൂപ്പ് മൊബലൈസേഷൻ കൊമേർഷ്യൽ കൾട്ടിവേഷൻ ഇൻ വെജിറ്റബിൾ എന്ന വിഷയത്തിൽ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടർ ഒ.കെ.കൃഷ്ണനുണ്ണി ക്ലാസെടുത്തു.കൃഷി ഓഫീസർ പി.പി.രാജി സ്വാഗതവും കൃഷി അസിസ്റ്റന്റ് കൃഷ്ണദാസ് നന്ദിയും പറഞ്ഞു.ആത്മ പദ്ധതിയിലുൾപ്പെടുത്തി നേരത്തെ കിസാൻ ഗോഷ്ടി സെമിനാറും തുടർന്ന് പാലക്കാട് നെല്ലിയാമ്പതി പഠനയാത്രയും കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.
കൃഷിയുമായി ബന്ധപ്പെട്ട് ബ്ലോക്-ജില്ലാ പഞ്ചായത്തുകളുടെ വിഹിതവും ഗുണഭോക്തൃ കോൺട്രിബ്യൂഷനുമുൾപ്പടെ 45 ലക്ഷം രൂപയുടെ പദ്ധതികളാണ് 2024-25 വാർഷിക പ്രോജക്റ്റിൽ പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടുത്തിയത്.ഗ്രൂപ്പ് കൃഷികൾക്ക് മുന്തിയ പരിഗണനയാണ് പഞ്ചായത്ത് ഭരണസമിതി നൽകിയത്.തെങ്ങിന് വളം പദ്ധതിക്ക് 10.66 ലക്ഷം രൂപയും പച്ചക്കറിത്തൈ വിതരണത്തിന് 4 ലക്ഷം രൂപയും വന്യ മൃഗ ശല്യങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിനായി ആവിഷ്കരിച്ച സോളാർ ഫെൻസിംഗിന് 20 ലക്ഷം രൂപയും സമഗ്ര നാളികേര വികസനത്തിന് 10 ലക്ഷം രൂപയും ഇതിൽ ഉൾപ്പെടും.
ഫോട്ടോ:വാണിജ്യ പച്ചക്കറിയുമായി ബന്ധപ്പെട്ട് ഓമശ്ശേരിയിൽ കൃഷിക്കൂട്ടങ്ങൾക്ക് നൽകിയ ഏകദിന പരിശീലനം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.
0 Comments