കൽപറ്റ: വയനാട്ടിലെ കേണിച്ചിറ എടക്കാട് മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തിൽ കിടന്ന മൂന്ന് പശുക്കളെ കടുവ കൊന്നുതിന്നു. ഞായറാഴ്ച പുലർച്ചയാണ് ആക്രമണം. രണ്ടു ദിവസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പശുക്കളാണ്.
കടുവയെ പിടികൂടാനായി കൂടും സ്ഥാപിച്ച് വനംവകുപ്പ് പരിശോധന തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. തോൽപെട്ടി 17 എന്നറിയപ്പെടുന്ന പത്തുവയസ്സുള്ള ആൺകടുവയാണ് ആക്രമണം നടത്തിയതെന്നാണ് വനംവകുപ്പ് സ്ഥിരീകരിക്കുന്നത്. പരിസരത്ത് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് കടുവയെ തിരിച്ചറിഞ്ഞത്.
അതേസമയം, കടുവയെ പിടികൂടനാവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബീനാച്ചി പനമരം റോഡ് ഉപരോധിച്ചു. കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കൂടുവെച്ച് പിടിക്കാനായില്ലെങ്കിൽ മയക്കുവെടി വെക്കാനുള്ള നീക്കത്തിലാണ് അധികൃതർ. അതിനായി നിയമാനുസൃത നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകി.
0 Comments