Ticker

6/recent/ticker-posts

ഒരു കുട്ടി തന്നെ പല സ്കൂളുകളിൽ അപേക്ഷിച്ചതാണ് പെരുപ്പിച്ച് കാണിക്കുന്നത്’; പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ.



തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ഒരു കുട്ടി തന്നെ രണ്ടും മൂന്നും സ്കൂളുകളിൽ അപേക്ഷിച്ചതാണ് പെരുപ്പിച്ച് കാണിക്കുന്നത്. അവസാന അലോട്ട്മെന്‍റ് കഴിഞ്ഞാൽ ഒരു കുട്ടിക്കും പുറത്ത് നിൽക്കേണ്ടി വരില്ലെന്നും മന്ത്രി വ്യക്തമാക്കി.

മാനേജ്മെന്‍റ് ക്വാട്ട അടക്കം ഇരുപതിനായിരത്തോളം സീറ്റുകൾ ബാക്കിയുള്ളതായാണ് കാണുന്നത്. ആവശ്യമായി വന്നാൽ കൂടുതൽ സജ്ജീകരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. പോളിടെക്നിക് അടക്കമുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനവും നടക്കാൻ പോവുകയാണ്. ഇതെല്ലാം പൂർത്തിയായി കഴിഞ്ഞാൽ സീറ്റ് പ്രതിസന്ധി ഉണ്ടാകില്ലെന്നും മന്ത്രി വി. അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.

അതേസമയം, വിദ്യാർഥി സംഘടനകളായ എം.എസ്.എഫ്, കെ.എസ്.യു, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ഉൾപ്പെടെയുള്ളവർ സീറ്റ് ക്ഷാമത്തിൽ പ്രക്ഷോഭ പാതയിലാണ്. വിദ്യാർഥികളുടെ പ്രതിസന്ധി തിരിച്ചറിഞ്ഞതോടെ എസ്.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റിയും സമരം പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ഇവർ മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചത് സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ വിദ്യാർഥി സംഘടനകളെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ച വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റ നിർദേശപ്രകാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സെക്രട്ടേറിയറ്റ് അനക്സിലാണ് ചർച്ച നടക്കുക.

മലബാറിൽ മുക്കാൽലക്ഷം വിദ്യാർഥികൾ സീറ്റില്ലാതെ പുറത്തുനിൽക്കുന്നതിനിടെ സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾക്ക് തിങ്കളാഴ്ച തുടക്കമാകുകയാണ്. പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തിൽ മൂന്ന് അലോട്ട്മെന്‍റുകൾ അടങ്ങുന്ന മുഖ്യഘട്ട പ്രവേശനം പൂർത്തിയായിട്ടും തീരുമാനമെടുക്കാത്ത സർക്കാർ, മലബാർ മേഖലയിൽ ആവശ്യമായ സീറ്റുണ്ടെന്ന് കണക്ക് നിരത്താനാണ് ശ്രമിച്ചത്.

മൂന്നാം അലോട്ട്മെന്‍റിൽ ബാക്കിയുള്ള സീറ്റിലേക്കുള്ള രണ്ട് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളാണ് ഇനി ശേഷിക്കുന്നത്. ശേഷിക്കുന്ന സീറ്റുകളുടെ മൂന്നിരട്ടി വിദ്യാർഥികളാണ് മലബാറിൽ പുറത്തിരിക്കുന്നത്. ഇന്നലെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നിരത്തിയ കണക്കുകൾ പൊളിയുകയും ചെയ്തു.

മൂന്ന് അലോട്ട്മെന്‍റ് കഴിഞ്ഞാൽ സ്ഥിതി വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പും ലംഘിക്കപ്പെട്ടു. മതിയായ കുട്ടികളില്ലാത്ത 129 ബാച്ചുകൾ മധ്യ, തെക്കൻ കേരളത്തിലെ സ്കൂളുകളിലുണ്ടെന്ന് കണ്ടെത്തിയെങ്കിലും അതിൽ തൊടാൻ സർക്കാർ തയാറായിട്ടില്ല. ഇതിൽ 30 ബാച്ചുകളിൽ പത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയിരുന്നത്.
 

Post a Comment

0 Comments