കണ്ണൂർ: മലയാളികളിൽനിന്ന് കോടിയിലേറെ രൂപ ഓൺലൈനിൽ തട്ടിയെടുക്കുന്നതിന് പിന്നിൽ കൂടുതൽ സ്വദേശികളും. നേരത്തെ ഓൺലൈൻ തട്ടിപ്പിന് പിന്നിൽ നൈജീരിയൻ, ഉത്തരേന്ത്യൻ മാഫിയകളായിരുന്നെങ്കിൽ ഇപ്പോൾ മലയാളികൾ നേതൃത്വം നൽകുന്ന സംഘങ്ങൾ സജീവം.
ഓൺലൈനായി നിക്ഷേപ പദ്ധതിയിൽ ചേർത്ത് രണ്ടു ലക്ഷം രൂപ തട്ടിയ കേസിൽ കഴിഞ്ഞദിവസം മലയാളി അറസ്റ്റിലായി. തട്ടിപ്പിന് പിന്നിലെ കൂടുതൽ മലയാളികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം വർക്കല സ്വദേശിയായ മുഫ്ലികി (21) നെയാണ് കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കംബോഡിയയിൽ ചൈനീസ് സംഘത്തിന്റെ നേതൃത്വത്തിലുള്ള വിപുലമായ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് പ്രതി. ഇയാൾക്കെതിരെ നേരത്തെ സമാനമായ തട്ടിപ്പ് നടത്തിയതിന് തൃശൂർ സൈബർ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. മൂന്നുലക്ഷം രൂപയാണ് തൃശൂരിൽനിന്ന് തട്ടിയത്.
കേരളത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് കേരളത്തിൽനിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്തു അവർ വഴി ഫേസ്ബുക്, ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചു വ്യാജ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തുകയാണ് രീതി. കേരളത്തിലെ അമ്പതോളം ആളുകളുടെ പേരിൽ വ്യാജ സിം കാർഡുകൾ മറ്റു പ്രതികളെ കൊണ്ട് എടുപ്പിച്ച് കംബോഡിയയിൽ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കും. ഫേസ്ബുക് വഴി സൗഹൃദം സ്ഥാപിക്കുന്നവരെ ഇത്തരം വാട്സ്ആപ് അക്കൗണ്ടിലൂടെ വോയിസ് കോൾ, വീഡിയോ കോൾ വഴി ബന്ധം തുടർന്ന് തട്ടിപ്പിന് ഇരയാക്കുകയായിരുന്നു. പുരുഷന്മാരോട് തട്ടിപ്പ് സംഘത്തിലെ സ്ത്രീകളും സ്ത്രീകളോട് സംഘത്തിലെ പുരുഷന്മാരും സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പിന്റെ തുടക്കം. സംഘത്തിൽ സ്ത്രീകള് ഉൾപ്പെടെ അമ്പതോളം മലയാളികൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
0 Comments