ഓമശ്ശേരി:മെക് സെവൻ ഹെൽത്ത് ക്ലബ്ബ് ഓമശ്ശേരി ചാപ്റ്റർ അമ്പലക്കണ്ടി സ്നേഹതീരം പരിസരത്ത് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.രാവിലെ കൃത്യം 6 മണിക്ക് പ്രായ ഭേദമന്യേ വിവിധ സെന്ററുകളിൽ നിന്നായി വനിതകളുൾപ്പടെയുള്ള 500 ലധികം പേർ അമ്പലക്കണ്ടിയിലെ ഉൽഘാടന സംഗമത്തിൽ പങ്കെടുത്തു.
ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കാനും ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാനുമുള്ള വ്യായാമ മുറ പരിശീലനമാണ് ഹെൽത്ത് ക്ലബ് ലക്ഷ്യമിടുന്നത്.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ 2012 ൽ ആരംഭിച്ച മൾട്ടി എക്സർസൈസ് കോമ്പിനേഷനി(മെക് സെവൻ ഹെൽത്ത് ക്ലബ്)ൽ ഇതിനകം 75 ൽ പരം യൂണിറ്റുകളിലായി പതിനായിരത്തോളം പേരാണ് കേരളത്തിനകത്തും പുറത്തും ദിനേന രാവിലെ 25 മിനുട്ട് സമയം ഈ സമൂഹ വ്യായാമ പരിശീലനത്തിൽ പങ്കു ചേരുന്നത്.ഏതു പ്രായക്കാർക്കും പരിശീലിക്കാവുന്ന 21 ഇനങ്ങളാണ് പ്രാക്‌ടീസ് ചെയ്യുന്നത്.അനുദിനം വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളിൽ നിന്നും സാമൂഹികമായ അനാരോഗ്യ പ്രവണതകളിൽ നിന്നും പൊതുജനങ്ങൾക്ക് മോചനം നൽകുന്ന ഈ വ്യായാമ പദ്ധതി സമുഹത്തിന് സമർപ്പിച്ചത് സൈന്യത്തിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ സലാഹുദ്ദീനാണ്.
21 ദിവസത്തെ നിരന്തര പരിശീലനത്തിലൂടെത്തന്നെ വലിയ റിസൽട്ട് നൽകുന്നു എന്നത് ഈ പരിശീലനത്തെ ജനപ്രിയമാക്കുന്നു.മത-രാഷ്ട്രീയ-പ്രായ- ലിംഗ ഭേദമന്യെ ഏറ്റെടുക്കാവുന്ന ഈ വ്യായാമമുറ നാടിന്റെ സൗഹൃദാന്തരീക്ഷത്തെ ശകതമാക്കുന്നു എന്നതും തികച്ചും സൗജന്യമായി നടത്തുന്നു എന്നതും ഇതിനെ മികവുറ്റതാക്കുന്നു. നിരവധി ജീവിതശൈലീ രോഗങ്ങളിൽ നിന്ന് മോചനം സാധ്യമാക്കുന്ന ഈ വ്യായാമമുറ നാട്ടിൻ പുറങ്ങളിലിപ്പോൾ തരംഗമായിരിക്കുകയാണ്.
സ്വാഗത സംഘം ചെയർമാൻ വേലായുധൻ മാസ്റ്റർ മുറ്റോളി അധ്യക്ഷതവഹിച്ചു.ഫൗണ്ടർ ക്യാപ്റ്റൻ സ്വലാഹുദ്ദീൻ മുഖ്യാതിഥിയായിരുന്നു.ചീഫ് കോ-ഓർഡിനേറ്റർമായ ഡോ. ഇസ്മായിൽ മുജദ്ദിദ് ,മുസ്തഫ കുന്നുമ്മൽ,ഷമീർ മാനു,നിയാസ് എകരൂൽ,നൗഷാദ് ചെമ്പറ, കെ.എ.അബ്ദുസ്സലാം എന്നിവർ പ്രസംഗിച്ചു.ഡോ.ഫവാസ് ആരോഗ്യ ബോധവൽക്കരണക്ലാസ് നടത്തി.ഒ.കെ. ഷാജി,അബ്ദുൽ റസാഖ് പുത്തൂർ,ഹിബ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:മെക് സെവൻ ഹെൽത്ത് ക്ലബ് ഓമശ്ശേരി ചാപ്റ്റർ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.
0 Comments