കൂടരഞ്ഞി :
സ്വാഭാവിക വനത്തെ നശിപ്പിച്ചു അധിനിവേശ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു വനത്തിനുള്ളിൽ വെള്ളവും ഭക്ഷണവും ഇല്ലാതാക്കി വന്യമൃഗങ്ങളെ നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുക വഴി മലയോര മേഖലകളിലെ ജനങ്ങളും വന്യമൃഗങ്ങളുമായുള്ള സംഘർഷം വർദ്ധിപ്പിക്കുകയും അതു മുതലെടുത്തു മലയോര കർഷകരെ കുടിയിറക്കാനുള്ള ഗൂഡാലോചനയാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിക്കുന്നു.
ഏതാണ്ട് അരനൂറ്റാണ്ട് കാലം ലോകമാകെ യൂക്കാലി മരത്തിൻറെ ദോഷവശങ്ങളെ കുറിച്ച് പഠിച്ചിട്ടും ചർച്ച ചെയ്തിട്ടും, യൂക്കാലി മരങ്ങളെ പിഴുതുമാറ്റാൻ ലോകബാങ്കിൽ നിന്നു കോടികൾ സഹായധനം ആയി കൈപ്പറ്റിയിട്ടും വീണ്ടും ഇത് വെച്ചുപിടിപ്പിക്കാൻ ശ്രമിക്കുന്നതു KFDC യെ സംരക്ഷിക്കാൻ ആണെന്ന വാദം സാമാന്യ ബുദ്ധിക്കു നിരക്കുന്നതല്ല. ഇത് കേരളത്തിലെ ജനങ്ങളോട്, പ്രത്യേകിച്ച് മലയോര മേഖലകളിൽ ഉള്ള കർഷകരോടുള്ള, കാട്ടുനീതിയേക്കാൾ മോശമായ നടപടിയാണ്.
ഉൾക്കാടുകളിൽ കേരളത്തിൻ്റെ തനത് വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും വന്യമൃഗങ്ങൾ ആഹാരത്തിനായി നാട്ടിലേക്ക് ഇറങ്ങാൻ ഇടവരാതെ നോക്കുകയും ചെയ്യുന്നതിനു പകരം ദൂരവ്യാപകവും അപരിഹാര്യവും ആയ ദോഷങ്ങൾ ഉണ്ടാകുമെന്ന് തെളിയിക്കപ്പെട്ട പഠന റിപ്പോർട്ടുകൾ നിലനിൽക്കെ അവയൊക്കെ മറച്ചു വെച്ചു കൊണ്ടു, സർക്കാരിന്റെ വെള്ളാനയെ പോറ്റേണ്ട ഉത്തരവാദിത്വത്തിന്റെ മറവിൽ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്, ഇത്തരം നടപടികളിലൂടെ ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് കാരണക്കാരാകുന്ന ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടാകാതെ സർക്കാർ ചെലവിൽ പരിഹരിച്ചു കൊള്ളും എന്ന ആത്മവിശ്വാസമാണ്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ സമഗ്രഅന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതുണ്ട്,
വനമേഖലയിൽ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള തീരുമാനം നിർത്തിവെച്ച സർക്കാരിന്റെ നടപടിയെ അഭിനന്ദിക്കുന്നതിനൊപ്പം കേരള വനം വികസന കോർപ്പറേഷൻ അതിന്റെ ലക്ഷ്യമായ വനസംരക്ഷണം നടത്തുകയും അതിലൂടെ മലയോര കർഷകരെയും ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു. സെബാസ്റ്റ്യൻ കക്യാനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷൗക്കത്തലി ഏരോത്ത്,അജു പ്ലാക്കട്ട്, സോണി മുണ്ടാട്ടിൽ, ബൈജു വരിക്കാനിയിൽ, മനുമോൻ, ബാബു ഐക്കരശേരിയിൽ എന്നിവർ പ്രസംഗിച്ചു.
0 Comments