Ticker

6/recent/ticker-posts

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പോളിങ്ങിനിടെ ബംഗാളിൽ അക്രമം.



കൂച്ച് ബിഹാർ: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ പശ്ചിമ ബംഗാളിൽ അക്രമം. ചന്ദാമാരിയിലെ പോളിങ് ബൂത്തിന് സമീപം കല്ലേറ് നടന്നു.

ആക്രമണത്തിന് പിന്നാലെ ബി.ജെ.പിക്കെതിരെ ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. അക്രമത്തിന് നേതൃത്വം നൽകിയത് ബി.ജെ.പി എം.പി നിഷീത് പ്രമാണിക്കാണെന്ന് തൃണമൂൽ ആരോപിച്ചു. എന്നാൽ, തൃണമൂൽ പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.

അതിനിടെ, ബംഗാളിലെ കൂച്ച് ബിഹാറിൽ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയിൽ കണ്ടെത്തി. കൂച്ച് ബിഹാറിലെ ബറോകോദാലിയിലാണ് സംഭവം. ഓഫീസ് ആക്രമണത്തിന് പിന്നിലും ബി.ജെ.പിയെന്ന് തൃണമൂൽ ആരോപിച്ചു.

പശ്ചിമ ബംഗാളിലെ 42 ലോക്സഭ സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങിനാണ് ഇന്ന് തുടക്കമായത്. 21 സംസ്ഥാനങ്ങളിലെ 102 സീറ്റിലേക്കാണ് വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തുക.

പശ്ചിമ ബംഗാൾ കൂടാതെ, അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഡ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, ജമ്മു കശ്മീർ, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

Post a Comment

0 Comments