ന്യൂഡൽഹി: ഇറാനിലും ഇസ്രായേലിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ അടുത്തുള്ള എംബസികളിൽ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. പൗരന്മാർ അതിജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്നും നിർദേശത്തിൽ വ്യക്തമാക്കി.
ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ കോൺസുലേറ്റിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. ഡമസ്കസിലെ കോൺസുലേറ്റ് ആക്രമിച്ച് മുതിർന്ന നേതാക്കളെ വധിച്ച ഇസ്രായേലിനെതിരെ പ്രതികാരം തീർച്ചയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
തുർക്കി, ചൈന, സൗദി അറേബ്യ, യു.എ.ഇ അടക്കം രാജ്യങ്ങളിലെ പ്രമുഖരുമായി ബന്ധപ്പെട്ട് ഇറാനെ ആക്രമണത്തിൽനിന്ന് പിന്തിരിപ്പിക്കാൻ യു.എസ് ശ്രമം തുടരുകയാണ്. ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യ, ബ്രിട്ടൻ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാൻ, ലബനാൻ, ഫലസ്തീൻ എന്നിവിടങ്ങളിലേക്കും പുറപ്പെടരുതെന്ന് ഫ്രാൻസ് നൽകിയ അറിയിപ്പിൽ പറയുന്നു. ഇറാനിലേക്ക് പോകരുതെന്ന് ഇന്ത്യയും മുന്നറിയിപ്പ് നൽകി.
ഇസ്രായേലിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥർ തെൽ അവീവ്, ജറൂസലം, ബീർഷെബ നഗരങ്ങൾക്ക് പുറത്തുപോകരുതെന്ന് യു.എസ് ഉത്തരവിറക്കി.
അടുത്ത 24 മുതൽ 48 മണിക്കൂറിനകം ഇറാൻ ഇസ്രായേൽ മണ്ണിൽ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ ഇൻറലിജൻസിനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
ആക്രമണം വൈകാതെയുണ്ടാവുമെന്നാണ് തന്റെ കണക്കുകൂട്ടലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ‘ആക്രമണം അരുതെന്നാണ് ഇറാനോട് പറയാനുള്ളത്. ഇസ്രായേലിനെ പിന്തുണക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ അത് തന്നെ ചെയ്യും. ഇറാന് വിജയിക്കാനാവില്ല’ -ബൈഡൻ പറഞ്ഞു. നേരത്തെ വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയും ഇറാന്റെ ഇസ്രായേൽ ആക്രമണം വൈകാതെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ വൈറ്റ് ഹൗസ് വക്താവും തയാറായിരുന്നില്ല.
0 Comments