തിരുവമ്പാടി പഞ്ചായത്തിന് നഷ്ടമായത് 1.69 കോടി
തിരുവമ്പാടി: 2023- 24 സാമ്പത്തിക വർഷത്തെ നടപ്പാക്കിയ പദ്ധതികളുടെ ബിൽ തുക പാസാക്കി നൽകാത്ത തിരുവമ്പാടി സബ് ട്രഷറിയുടെ നിലപാടിനെതിരെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ പ്രതിഷേധം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ്റെയും വൈസ് പ്രസിഡൻ്റ് കെ. എ അബ്ദുറഹിമാൻ്റെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ ട്രഷറി ഓഫീസറെ നേരിൽ കണ്ട് പ്രതിഷേധമറിയിച്ചു. ട്രഷറിയിൽ ഉണ്ടായ പ്രശ്നങ്ങൾ അല്ല ബില്ല് പാസാകാതിരിക്കാൻ കാരണമെന്നും മാർച്ച് 27 ന് വൈകുന്നേരം 3 മണിക്ക് ശേഷം ബിൽ പാസാക്കരുതെന്ന നിർദ്ദേഷം സർക്കാറിൽ നിന്നുണ്ടായത് കൊണ്ടാണ് എല്ലാ ബില്ലുകളും പാസാകുന്നതിന് തടസ്സം സൃഷ്ടിച്ചതെന്നുമാണ് അവർ വിശദീകരണം നൽകിയത്.
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന് 1.69 കോടി രൂപയാണ് സർക്കാറിൻ്റെ വഞ്ചന മൂലം നഷ്ടമായത്. ഇതോടെ ആരോഗ്യ രംഗത്തെ ഉൾപ്പെടെ നിരവധി പദ്ധതികളാണ് അവതാളത്തിലാവാൻ പോകുന്നത്.62,25,119 രൂപ സാധാരണ വിഹിതത്തിലും 843512 രൂപ പട്ടികജാതി വികസനഫണ്ടും 220821 രൂപ പട്ടിക വർഗ്ഗ വികസന ഫണ്ടും റോഡ് വികസന ഫണ്ടിനത്തിൽ 7969571 രൂപയും റോഡിതര ഫണ്ടിനത്തിൽ 1650000 രൂപയും നഷ്ടമാകും. നടപ്പിലാക്കിയ പദ്ധതികളായതിനാൽ 2024-25 വർഷത്തെ അടങ്കലിൽ നിന്ന് ചിലവിടേണ്ടി വരുന്നത് ഗ്രാമ പഞ്ചായത്തിനെ പുതിയ വർഷം കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടുപോകും. ഈ പ്രതിസന്ധി മറിക്കടക്കാൻ ബിൽ തുകക്കാവശ്യമായ അധിക വിഹിതം സർക്കാർ നൽകണമെന്നും തിരുവമ്പാടി പഞ്ചായത്ത് ജനപ്രതിനിധികൾ സർക്കാറിനോട് ആവശ്യപ്പെട്ടു.
പ്രതിഷേധ സമരത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ,വൈസ് പ്രസിഡൻ്റ് കെ. എ അബ്ദുറഹിമാൻ, ലിസിമാളിയേക്കൽ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലളത്തിൽ,ലിസി സണ്ണി ഷൈനി ബെന്നി,അജിത പി.ആർ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments