Ticker

6/recent/ticker-posts

ഫണ്ടുകൾ പാസ്സാക്കിയില്ല: തിരുവമ്പാടി ട്രഷറി ഓഫീസിൽ ഓമശ്ശേരിയിലെ യു.ഡി.എഫ്‌.ജനപ്രതിനിധികളുടെ പ്രതിഷേധം നടത്തി..



ഓമശ്ശേരി:മാർച്ച്‌ 25 ന്‌ സമർപ്പിച്ച ബില്ലുകളുൾപ്പടെ പാസ്സാക്കാതെ തിരിച്ചയച്ചതിൽ പ്രതിഷേധിച്ച്‌ ഓമശ്ശേരി പഞ്ചായത്ത്‌ യു.ഡി.എഫ്‌.ജനപ്രതിനിധികൾ തിരുവമ്പാടി ട്രഷറി ഓഫീസിനു മുമ്പിൽ സമരം നടത്തി.

ഭവന പുനരുദ്ധാരണത്തിനുള്ള ‌ അതി ദരിദ്രർ,ആശ്രയ,പട്ടിക ജാതി,ജനറൽ വിഭാഗങ്ങളുടേതുൾപ്പടെയുള്ള ഭൂരിഭാഗം ബില്ലുകളും തിരിച്ചയച്ചിരിക്കുകയാണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു.

പട്ടിക ജാതി വിഭാഗത്തിനുള്ള വിവാഹ ധനസഹായം,പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്‌,ലൈഫ്‌ ഭവന പദ്ധതിയുടെ വിഹിതം തുടങ്ങിയവയും തിരിച്ചയച്ചവയിൽ പെടും.

പതിവിന്‌ വിപരീതമായി മാർച്ച്‌ 27 നു വന്ന അപ്രതീക്ഷിത ഉത്തരവ്‌ പ്രകാരം അന്നേ ദിവസം 3 മണി വരെ മാത്രമേ ബില്ലുകൾ പാസ്സാക്കാൻ സാധിച്ചിട്ടുള്ളൂ എന്നാണ്‌ ട്രഷറി അധികൃതർ പറയുന്നത്‌.എന്നാൽ മാർച്ച്‌ 30 ന്‌ കേരള സർക്കാറിന്റെ പഞ്ചായത്ത്‌ വകുപ്പിനു കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഐ.കെ.എമ്മിന്‌ ഓമശ്ശേരി പഞ്ചായത്തിന്റെ വിഹിതമായ 9 ലക്ഷം രൂപ മേലുദ്യോഗസ്ഥന്റെ വാക്കാലുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ട്രഷറിയിൽ നിന്ന് മാറിക്കൊടുക്കൊടുത്തിട്ടുണ്ടെന്ന് ജന പ്രതിനിധികൾ ആരോപിച്ചു.ഇത്‌ പാസ്സാക്കി നൽകാനുള്ള സർക്കാർ ഉത്തരവ്‌ ജനപ്രതിനിധികൾ ആവശ്യപ്പെട്ടപ്പോൾ ട്രഷറി ഓഫീസർ കൈമലർത്തുകയാണുണ്ടായത്‌.

പാവപ്പെട്ട അടിസ്ഥാന വിഭാഗങ്ങളുടെ വ്യക്തിഗത ആനൂകൂല്യങ്ങൾക്കുള്ള നിസ്സാര തുക പോലും നൽകാതെ മടക്കി അയച്ചപ്പോൾ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലുള്ള ഇൻഫർമേഷൻ കേരള മിഷന്‌(ഐ.കെ.എം) ധൃതിപ്പെട്ട്‌ നിയന്ത്രണങ്ങൾക്കിടയിലും ബിൽ പാസ്സാക്കി നൽകിയത്‌ കടുത്ത വിവേചനമാണെന്നും നീതീകരിക്കാനാവില്ലെന്നും ഇത്‌ സാധാരണ ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്നും പഞ്ചായത്ത്‌ മെമ്പർമാർ പറഞ്ഞു.യു.ഡി.എഫ്‌.ഭരിക്കുന്ന പഞ്ചായത്തുകളെ ട്രഷറികൾ രണ്ടാം കിടക്കാരായാണ്‌ കാണുന്നതെന്നും ഇതിനെതിരിൽ ശക്തമായി പ്രതികരിക്കുമെന്നും മെമ്പർമാർ പ്രസ്താവിച്ചു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ,വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,അംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,എം.ഷീജ ബാബു,അശോകൻ പുനത്തിൽ എന്നിവർ പ്രതിഷേധ സമരത്തിന്‌ നേതൃത്വം നൽകി.

ഫോട്ടോ:ഓമശ്ശേരിയിലെ യു.ഡി.എഫ്‌.ജനപ്രതിനിധികൾ തിരുവമ്പാടി ട്രഷറി ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുന്നു.

Post a Comment

0 Comments