Ticker

6/recent/ticker-posts

ഇറാൻ തൊടുത്തത് 200 മിസൈലുകളും ഡ്രോണുകളും; ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നാശനഷ്ടം.



തെൽഅവീവ്: ഇറാൻ ഇരുന്നൂറിലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്). ഭൂരിഭാഗം മിസൈലുകളും വ്യോമാതിർത്തിക്കു പുറത്തുവെച്ചു തന്നെ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനം വഴി ഇസ്രായേൽ തകർത്തു. ഏതാനും മിസൈലുകൾ ഇസ്രായേലിൽ പതിച്ചു.

ഇറാനിൽ നിന്നാണ് ഭൂരിഭാഗം മിസൈലുകളും വിക്ഷേപിച്ചത്. കൂടാതെ ഇറാഖിൽനിന്നും യെമനിൽനിന്നും മിസൈൽ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആക്രമണത്തിൽ തെക്കൻ ഇസ്രായേലിലെ ഒരു സൈനിക കേന്ദ്രത്തിന് ചെറിയതോതിൽ നാശനഷ്ടമുണ്ടായതായി ഐ.ഡി.എഫ് വക്താവ് റിയർ അഡ്. ഡാനിയേൽ ഹഗാരി അറിയിച്ചു. ഒരു പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. യുദ്ധ വിമാനങ്ങൾ ഏതാനും മിസൈലുകൾ തകർത്തതായും സൈന്യം അറിയിച്ചു. ഇസ്രായേൽ പ്രതിരോധ മന്ത്രി യൊആവ് ഗാലന്‍റ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിനെ ഫോണിൽ വിളിച്ചു.


ഇറാൻ ആക്രമണത്തിനെതിരായ ഇസ്രായേലിന്‍റെ പ്രതിരോധ നടപടികളെക്കുറിച്ച് ഗാലന്‍റ് വിശദീകരിച്ചു. ഇസ്രായേലിനൊപ്പം നിൽക്കുന്നതിൽ നന്ദി അറിയിക്കുകയും ചെയ്തു.

ഇസ്രായേലും ഇറാനും സംഘർഷത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടെറസ് അഭ്യർഥിച്ചു.

 സൈനിക ആക്രമണങ്ങളിൽ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.


ഇസ്രായേലിന് നേരെയുള്ള തിരിച്ചടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നൂറുകണക്കിന് പേർ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ പ്രകടനം നടത്തി.

 ദേശീയ പതാകയുമേന്തിയാണ് ജനം തെരുവിലിറങ്ങിയത്. ആക്രമണങ്ങളുടെ പശ്ചാത്താലത്തിൽ ജോർദാൻ, ഇറാഖ്, ലെബനാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാത അടച്ചു. ഗോലൻ കുന്നുകളിലെ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കുനേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ലബനാനിലെ ഹിസ്ബുല്ല അറിയിച്ചു.

 ഗസ്സയിലെ ഫലസ്തീനികളെ പന്തുണച്ചും ലെബനാൻ ഗ്രാമങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയുമാണ് റോക്കറ്റ് ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.

ആദ്യമായാണ് ഇസ്രായേലിനുനേരെ ഇറാൻ നേരിട്ട് ആക്രമണം നടത്തുന്നത്. യു.എൻ സുരക്ഷ കൗൺസിൽ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇസ്രായേലിന്‍റെ അഭ്യർഥനയെ തുടർന്നാണ് ഞായറാഴ്ച വൈകീട്ട് യോഗം ചേരുന്നതെന്ന് സുരക്ഷ കൗൺസിൽ പ്രസിഡന്‍റ് അറിയിച്ചു.

ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസൂലേറ്റ് ബോംബിട്ട് തകർക്കുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഹുർമൂസ് കടലിടുക്കിൽനിന്ന് ഇസ്രായേൽ ബന്ധമുള്ള ചരക്കു കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇറാൻ നേരിട്ടുള്ള ആക്രമണം.



Post a Comment

0 Comments