ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിൽ 17 ഇന്ത്യക്കാർ ഉൾപ്പെടെ 25 ജീവനക്കാർ. ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട എം.എസ്.സി ഏരീസ് കണ്ടെയ്നർ കപ്പലാണ് ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാൻ റെവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്.
ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.
ഇന്ത്യക്കാരിൽ രണ്ടുപേർ മലയാളികളാണെന്നും റിപ്പോർട്ടുകളുണ്ട്. കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് കപ്പലിലുള്ള മലയാളികളെന്നാണ് വിവരം. ജീവനക്കാരുടെ മോചനത്തിനായി നയതന്ത്ര ചാനൽ വഴി കേന്ദ്ര സർക്കാർ ഇറാൻ അധികൃതരെ ബന്ധപ്പെടുന്നുണ്ട്.
യു.എ.ഇയിൽനിന്ന് മുംബൈ തുറമുഖത്തേക്ക് വരുന്ന വഴിയാണ് കപ്പൽ പിടിച്ചെടുത്തത്. ഈ മാസം 15ന് മുംബൈ തുറമുഖത്ത് എത്തേണ്ട കപ്പലാണിത്. ‘എം.എസ്.സി ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തതായി ശ്രദ്ധയിൽപെട്ടു.
കപ്പലിൽ 17 ഇന്ത്യൻ പൗരന്മാരാണുള്ളത്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, വേഗത്തിലുള്ള മോചനം എന്നിവ ഉറപ്പാക്കാൻ തെഹ്‌റാനിലെയും ഡൽഹിയിലെയും നയതന്ത്ര ഉദ്യോഗസ്ഥർ വഴി ഇറാൻ അധികൃതരെ ബന്ധപ്പെടുന്നുണ്ട്’ -വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസ് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
പിടിച്ചെടുത്ത കപ്പൽ ഇറാൻ തീരത്തേക്ക് മാറ്റി. കമാൻഡോകൾ ഹെലികോപ്ടറിലെത്തി കപ്പലിലെ ഡെക്കിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി പുറത്തുവിട്ടു.
ഇസ്രായേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് സോഡിയാക് മാരിടൈം. ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി.
മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നതിന്‍റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്നും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ തീരുമാനിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇസ്രായേൽ അറിയിച്ചു.
0 Comments